മൈക്രോബയോളജി ലാബിലെ തീപിടിത്തം
ഷോർട്ട് സർക്യൂട്ട് ഫ്രിഡ്ജിന്റെ പ്ലഗ്ഗിൽനിന്ന്

തീപിടിത്തമുണ്ടായ മൈക്രോബയോളജി ലാബും രക്ഷാപ്രവർത്തനം നടത്തിയ ജീവനക്കാരെയും എച്ച് സലാം എംഎൽഎ സന്ദർശിക്കുന്നു
വണ്ടാനം
മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൈക്രോബയോളജി ലാബിൽ തീപിടിത്തമുണ്ടായ സ്ഥലം എച്ച് സലാം എംഎൽഎ സന്ദർശിച്ചു. ബുധൻ രാത്രി 9.30 ഓടെയായിരുന്നു ലാബിനുള്ളിൽ നിന്ന് വർധിച്ച തോതിൽ പുക ഉയർന്നത്. ലാബ് ഉൾപ്പടെ സമീപത്തെ വിവിധ വിഭാഗങ്ങളിൽ വ്യാപകമായി പുക നിറഞ്ഞു. ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാരൻ സേതുലാൽ, പമ്പിങ് ഓപ്പറേറ്റർ ഉണ്ണി ജെ രാജ്, ഫയർ ആൻഡ് സേഫ്റ്റിയിലെ കെ എം മഞ്ചേഷ്, രാഗേഷ് എന്നിവർ നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജിന്റെ പ്ലഗ്ഗിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് തിരിച്ചറിഞ്ഞത്. ഫ്രിഡ്ജും രണ്ട് എയർ കണ്ടീഷനുകളും കത്തി. ആലപ്പുഴയിൽനിന്ന് അഗ്നി രക്ഷാസേനയുമെത്തി. നാശനഷ്ടങ്ങളില്ല. ശുചീകരണമുൾപ്പടെ പൂർത്തിയാക്കി രണ്ടാഴ്ചക്ക് ശേഷം ലാബ് പ്രവർത്തിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ ഹരികുമാർ പറഞ്ഞു. മൈക്രോബയോളജി മേധാവി ഡോ.ഷാനിമോൾ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജോസഫ് ജയ്സൺ, കെട്ടിട വിഭാഗം ഓവർസിയർ ടിഷി, ബയോ മെഡിക്കൽ എൻജിനീയർ സനൂപ് എന്നിവർ എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.









0 comments