ഓർമകളിൽ ഇടിമുഴക്കമായി അമ്പതാണ്ട്

അടിയന്തരാവസ്ഥയുടെ 50–-ാം വാർഷികത്തോടനുബന്ധിച്ച് സാംസ‍്കാരിക പ്രതിരോധസമിതിയും സുശീല ഗോപാലൻ പഠന ഗവേഷണ കേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച ‘ഓർമകളുടെ ഇടിമുഴക്കം’ സുശീല ഗോപാലൻ പഠന ഗവേഷണ കേന്ദ്രം ചെയർമാൻ ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Jun 26, 2025, 03:30 AM | 1 min read
അമ്പലപ്പുഴ
ഇന്ത്യൻ ജനാധിപത്യത്തെ ചവിട്ടിമെതിച്ച അടിയന്തരാവസ്ഥയുടെ നേർചിത്രമായി ഓർമകളുടെ ഇടിമുഴക്കം. സാംസ്‌കാരിക പ്രതിരോധ സമിതിയും സുശീല ഗോപാലൻ പഠന ഗവേഷണ കേന്ദ്രവും സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി പുന്നപ്ര ഇ എം എസ് കമ്യൂണിറ്റി ഹാളിൽ ‘അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി നവഫാസിസത്തിനെതിരെ അണിനിരക്കാനും ജനാധിപത്യം സംരക്ഷിക്കാനുമുള്ള പോരാട്ടകാഹളമായി. സുശീലാ ഗോപാലൻ പഠന ഗവേഷണകേന്ദ്രം ചെയർമാൻ ആർ നാസർ ഉദ്ഘാടനംചെയ്‌തു. സാംസ്‌കാരികമേഖലയിൽ നടത്തിയ ശക്‌തമായ ഇടപെടലുകളിലൂടെയാണ് കേരളം കൂടുതൽ ഇടതുപക്ഷമായതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ സ്വതന്ത്രമായി കഥയോ കവിതയോ എഴുതാനാകില്ലെന്ന അവസ്ഥയുണ്ടാകുന്നു. എമ്പുരാൻ സിനിമയ്‌ക്ക് ഇത്തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായി. അടിയന്തരാവസ്ഥയ്‌ക്ക് തുല്യമായ അടിച്ചമർത്തലാണ് ഇന്ന് ബിജെപി സർക്കാർ നടത്തുന്നത്. നാനാത്വത്തിൽ ഏകത്വവും ബഹുസ്വരതയും സംരക്ഷിക്കാൻ കഴിയണം. ഇതിനായി പുതിയ തലമുറയിലെ സാംസ്‌കാരിക പ്രതിഭകളെ ഒപ്പം ചേർക്കണമെന്ന് ആർ നാസർ പറഞ്ഞു. അടിയന്തരാവസ്ഥ 1975ൽ ഏർപ്പെടുത്തിയത് ഭരണകൂടമായിരുന്നെങ്കിൽ 2025 കാലഘട്ടത്തിൽ അത് കടന്നുവരുന്നത് സാംസ്‌കാരികമണ്ഡലത്തിലൂടെയാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ പറഞ്ഞു. ഗവർണർ ഭാരതാംബയുടെ ചിത്രവുമായി എത്തുന്നതൊക്കെ ഇതിന്റെ ഭാഗമാണ്. പഴയ അടിയന്തരാവസ്ഥയേക്കാൾ പതിന്മടങ്ങ് ശക്‌തിയുള്ളതാണ് ഇത്. ഇത്തരം അവസ്ഥയ്‌ക്ക് മുന്നിൽ പകച്ചുനിൽക്കുകയല്ല പോരാടി മുന്നേറുകയാണ് വേണ്ടത്. ‘ജനാധിപത്യം ധ്വംസിച്ച കറുത്ത നാളുകളുടെ ഓർമപ്പെടൽ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നവഫാസിസ്‌റ്റുകൾ പലതരത്തിലാണ് ഇക്കാലഘട്ടത്തിൽ പ്രവർത്തിക്കുന്നത്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ആശാ പ്രവർത്തകരിൽ ചിലർ നടത്തുന്ന സമരം. അർഹതപ്പെട്ട പണം കേന്ദ്രസർക്കാർ നൽകാത്തതിനെപ്പറ്റി ഇവർ ആരും ഒരക്ഷരം മിണ്ടുന്നില്ലെന്ന് കെ അനിൽകുമാർ പറഞ്ഞു.









0 comments