വൈകിട്ടത്തെ ഭക്ഷണം... 
ഇനി ടെൻഷൻ വേണ്ട

Kudumbasree

ആര്യാട് പഞ്ചായത്തിലെ തിരുവിളക്ക് വടക്ക് പൊൻപുലരി കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങൾ ഭക്ഷണം 
വിതരണത്തിനായി തയ്യാറാക്കുന്നു ​ ​ ​ ​

avatar
കെ എസ്‌ ലാലിച്ചൻ

Published on Oct 06, 2025, 01:55 AM | 1 min read

ആര്യാട്

ആവിപറക്കും ചിരട്ടപ്പുട്ടും കടലക്കറിയും, കപ്പയും മീൻകറിയും, കപ്പയും കക്കായിറച്ചിയും കുഴച്ചത് തുടങ്ങി നാവിൽ രുചിമേളം തീർക്കുന്ന ഭക്ഷണം ഇനി സായാഹ്നങ്ങളിൽ ആര്യാടുനിന്ന്‌ വീടുകളിലേക്ക്. കുടുംബശ്രീ കൂട്ടായ്‌മയിൽ വീട്ടിൽ തയ്യാറാക്കുന്ന മായംകലരാത്ത ഭക്ഷണം ‘യമ്മി നൈറ്റ്‌ ഫുഡ്’ എന്ന പേരിലാണ് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നത്. ആര്യാട് പഞ്ചായത്ത്‌ എട്ടാം വാർഡിൽ തിരുവിളക്ക് വടക്ക് രാജീവ്‌ ജങ്ഷന്‌ സമീപം പൊങ്ങശേരിവെളി ഷീബ സജിയുടെ വീട്ടിലാണ് ഭക്ഷണം ഒരുക്കുന്നത്. " പൊൻപുലരി' കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളായ ഒമ്പത്‌ പേരുടെ സംരംഭമാണിത്. പൊങ്ങശേരി സുഫിയ അജിംഷ, കണിയാംപറമ്പിൽ രാജശ്രീ, പൊങ്ങശേരി ഷീബ, സീനത്ത് സിദ്ധിഖ്, ബിഷ, ഷാനിമോൾ, ചക്കനാട്ട് ചിറ ഉഷ, മാണാപറമ്പ് സുരമ്യ അജീഷ്, വിലാസിനി എന്നിവരാണ് ഭക്ഷണം തയ്യാറാക്കുന്നതും വീടുകളിലെത്തിക്കുന്നതും. ​ മറ്റ്‌ സഹായികൾ ഇല്ലാതെ ഇവർതന്നെ പാചകംചെയ്യുന്നതിനാൽ ഏറ്റവും മിതമായ നിരക്കിൽ രുചിയേറിയ ഭക്ഷണം നൽകാൻ കഴിയുന്നു. വീടുകളിൽ ചപ്പാത്തി ഉണ്ടാക്കുന്നത് പോലെതന്നെയാണ് ഇവിടെയും. മെഷീനിലല്ലാത്തതിനാൽ രുചിയേറെയാണ്. സായാഹ്‌നഭക്ഷണത്തിനായി കീശകീറുമെന്ന പേടിയും വേണ്ട. 40 രൂപയ്‌ക്ക്‌ ചിരട്ടപ്പുട്ടും കടലയും 80 രൂപയ്‌ക്ക്‌ കപ്പയും മീൻകറിയും വീടുകളിലെ തീന്മേശയിലെത്തും. ചപ്പാത്തിയും ബീഫ് ഫ്രൈയും റോസ്‌റ്റും ചിക്കൻ കറിയുമൊക്ക മിതമായ നിരക്കിൽ കിട്ടും. ഒരു കിലോമീറ്ററിന് അപ്പുറം സർവീസ് ചാർജായി 20 രൂപ നൽകണമെന്ന് മാത്രം. ഇപ്പോൾ 500 അംഗങ്ങളുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ രാവിലെ ഏഴോടെ അതത് ദിവസത്തെ വിഭവങ്ങളെത്തും. പകൽ ഒന്നുവരെ ഓർഡർ സ്വീകരിക്കും. വൈകിട്ട് അഞ്ചുമുതൽ ഭക്ഷണവിതരണം തുടങ്ങും. ഇരുചക്രവാഹനങ്ങളിൽ ഡെലിവറിക്കായി പോകുന്നതും ഈ യുവതികൾ തന്നെ. രാത്രി എട്ടുവരെയാണ് വിതരണം. പിന്നെ അതത്ദിവസത്തെ കണക്ക് നോക്കൽ, അടുത്ത ദിവസത്തെ പ്ലാനിങ്. ഭക്ഷണം ഒരുക്കുന്നതുമുതൽ വിപണനംവരെ നടത്തുന്നത് കുടുംബശ്രീ അംഗങ്ങൾതന്നെ. ഓൺലൈൻ ഭക്ഷണവിതരണത്തിന്‌ ആവശ്യമായ നിയമപരമായ കാര്യങ്ങളെല്ലാം കൃത്യമായി പാലിച്ചാണ് യൂണിറ്റിന്റെ പ്രവർത്തനം. കുടുംബശ്രീയുടെ ബ്ലോക്ക് കോ–ഓർഡിനേറ്റർ വി എസ് സുരമ്യയും അധ്യാപിക ഷാനിമോളും ഉൾപ്പെടെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്നവർ ഈ കൂട്ടായ്‌മയിലുണ്ട്. ഭക്ഷണവിതരണം തുടങ്ങിയിട്ട് കുറച്ച് ദിവസമേ ആയുള്ളൂവെങ്കിലും ഇപ്പോൾത്തന്നെ ആവശ്യക്കാരേറെയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home