റെയിൽവേ സ്‌റ്റേഷൻ നവീകരണം നീളുന്നു
കുടുസുമുറികളിൽ കഠിനജോലി നരകയാതനയിൽ ജീവനക്കാരും

നിർമാണജോലികൾ നീളുന്നതിനാൽ റെയിൽവേ സ്‍റ്റേഷൻ റോഡ് ഒഴിവാക്കി പാളത്തിലൂടെ പ്ലാറ്റ്ഫോമിലേക്ക് നടന്നുനീങ്ങുന്ന യാത്രക്കാർ
അഞ്‌ജുനാഥ്
Published on May 09, 2025, 02:02 AM | 1 min read
ആലപ്പുഴ
റെയിൽവേ സ്‌റ്റേഷൻ നവീകരണജോലികൾ അവസാനമില്ലാതെ നീളുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ നരകയാതന അനുഭവിച്ച് ജീവനക്കാർ. മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, സിഗ്‌നൽ വിഭാഗങ്ങളിലെ സ്‌ത്രീകൾ ഉൾപ്പെടെ ജീവനക്കാരാണ് കുടുസുമുറികളിൽ ജോലിചെയ്യുന്നത്. പഴയ കെട്ടിടങ്ങൾ പൊളിച്ചതോടെയാണ് ജീവനക്കാർ പ്രയാസത്തിലായത്. മെക്കാനിക്കൽ വിഭാഗത്തിൽ 35, സിഗ്‌നലിൽ 28, ഇലക്‌ട്രിക്കിൽ 27 വീതം ജീവനക്കാർ ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിലുണ്ട്. ഇതിലേറെയും സ്‌ത്രീകളാണ്. എപ്പോഴും പ്ലാറ്റ്‌ഫോമിൽ ഉണ്ടാവേണ്ട മെക്കാനിക്കൽ ജീവനക്കാർക്കാണ് ഏറെ ദുരിതം. ആറടി നീളവും മൂന്നടി വീതിയും മാത്രമായ മുറിയാണിവർക്ക് പ്ലാറ്റ്‌ഫോം ഓഫീസായി നൽകിയത്. ശുചിമുറിയോ യൂണിഫോം മാറാനുള്ള സൗകര്യമോ ഇവിടെയില്ല. പ്ലാറ്റ്‌ഫോം വെയ്‌റ്റിങ് ഹാളിലെ ശുചിമുറി മാത്രമാണ് ഉപയോഗിക്കാവുന്നത്. സൗകര്യങ്ങളില്ലാത്തിനാൽ വനിതാ ജീവനക്കാർ രാത്രി പോലും പ്ലാറ്റ്‌ഫോമിലെ ബഞ്ചുകളിൽ ഇരിക്കേണ്ടിവരുന്നു. മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ട്രെയിൻ ഓടിക്കുന്ന ലോക്കോ പൈലറ്റുമാർക്ക് നൽകേണ്ട ബ്രേക്ക് പവർ സർട്ടിഫിക്കറ്റ് (ബിപിസി) പ്രിന്റ് ചെയ്യുന്ന കംപ്യൂട്ടർ, പ്ലാറ്റ്‌ഫോം ഓഫീസിൽ സൗകര്യമില്ലാത്തതിനാൽ ഒരു കിലോമീറ്റർ അകലെ പിറ്റ്‌ലൈൻ ഓഫീസിലാണ് സ്ഥാപിച്ചത്. റോഡുമാർഗം ഇത്രയുംദൂരം സഞ്ചരിക്കണം. ജീവനക്കാരുടെ ബുദ്ധിമുട്ട് വ്യക്‌തമാക്കി ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (ഡിആർഇയു) അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർക്ക് കത്ത് നൽകിയിരുന്നു. അമൃത് ഭാരത് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്ന ജോലികൾ 2023 അവസാനമാണ് ആരംഭിച്ചത്. ആറുമാസത്തിൽ പൂർത്തിയാക്കുമെന്നായിരുന്നു റെയിൽവേയുടെ വാഗ്‌ദാനം. എന്നാൽ ജോലികൾ പലപ്പോഴും സ്‌തംഭിക്കുന്നു. തൊഴിലാളികളെ കരാർ കമ്പനി കൃത്യമായി വിനിയോഗിക്കാത്തതാണ് വിനയായതെന്ന് റെയിൽവേ അധികൃതർ പറയുന്നു.









0 comments