പെയ‍്തുതീരാത്ത ദുരിതം
കുട്ടനാടിനെ വിഴുങ്ങി കിഴക്കൻവെള്ളം

ആലപ്പുഴ
രണ്ട് ദിവസത്തിന് ശേഷം വ്യാഴാഴ്‌ച മഴ ശക്തമായപ്പോൾ ജില്ലയുടെ കൂടുതൽ മേഖലകളിലേക്ക് ദുരിതം വ്യാപിക്കുന്നു. കനത്ത കാറ്റിൽ മരം വീണ് ജില്ലയിൽ വ്യാപകനാശമുണ്ടായി. കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായ മഴയും വർധിച്ചതോടെ പ്രധാന നദികൾ കരകവിഞ്ഞു. പമ്പാ, മണിമല, അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നിരണം, വീയപുരം, മുട്ടാർ, തലവടി, എടത്വ, തകഴി പഞ്ചായത്തിലെ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. വ്യാഴാഴ്‌ച ഉച്ചയോടെ കിഴക്കൻ വെള്ളം എത്തിയതോടെയാണ് ജലനിരപ്പ് കാര്യമായി ഉയർന്നത്. പ്രാദേശിക സർവീസ് റോഡുകളിൽ വെള്ളം കയറിയതോടെ ബസ് സർവീസ് നിലച്ചു. തായങ്കേരി– ചങ്ങനാശേരി, നീരേറ്റുപുറം–-മുട്ടാര്‍–-കിടങ്ങറ, എടത്വാ-–-കളങ്ങര, എടത്വാ-–-വീയപുരം, എടത്വാ-–-കൈതത്തോട്, ചതുർഥ്യാകരി ഭാഗങ്ങളിലേക്കുള്ള സർവീസാണ് നിർത്തിയത്. അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പ് വീതം തുറന്നു. ആകെ അഞ്ച് ദുരിതാശ്വാസ ക്യാമ്പിലായി 115 കുടുംബത്തിലെ 430 പേരാണുള്ളത്. അമ്പലപ്പുഴയിൽ കരുമാടി സെന്റ് നിക്കോളാസ് എൽപി സ്‌കൂൾ, ആര്യാട് കൊറ്റംകുളങ്ങര ഗവ. എച്ച്‌എസ്‌എസ്, പുറക്കാട് ഇല്ലിച്ചിറ ലിറ്റിൽഫ്ലവർ മിഷൻ ചർച്ച്, കുട്ടനാട്ടിൽ കൈനകരി സെന്റ് മേരീസ് എച്ച്‌എസ്‌എസ്, രാമങ്കരി സർവീസ് കോ–- ഓപറേറ്റീവ് ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പ്. പുളിങ്കുന്നിൽ മാവേലി സ്റ്റോർ, തൊട്ടടുത്തുള്ള കൃഷിഭവൻ, മൃഗാശുപത്രി എന്നിവിടങ്ങളിൽ വെള്ളം കയറി. തലവടി പഞ്ചായത്ത് 11–-ാം വാർഡിൽ നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. അപ്പർ കുട്ടനാട്ടിലെ നിരവധി വീടുകളിലും വെള്ളം കയറി. തോട്ടപ്പള്ളി പൊഴി മുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കാൻ തുടങ്ങിയതോടെ വരുംദിവസങ്ങളിൽ വെള്ളമിറങ്ങുമെന്നാണ് പ്രതീക്ഷ. തകഴി റെയിൽവേ ഗേറ്റിനരികിൽ റെയിൽവേ വൈദ്യുത ലൈനിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വൈദ്യുതലൈനിൽ വീണ മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. അരൂർ കെൽട്രോണിന് സമീപവും ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. എറണാകുളത്തുനിന്ന് ആലപ്പുഴയ്‌ക്കുള്ള ട്രെയിനുകൾ ഒരു മണിക്കൂറോളം പിടിച്ചിട്ടു. ആലപ്പുഴയിൽനിന്ന് പുറപ്പെട്ട -ചെന്നൈ എക്‌സ്‌പ്രസ് എഴുപുന്ന സ്റ്റേഷനിലും -കണ്ണൂർ എക്‌സ്‌പ്രസ് തുറവൂർ സ്റ്റേഷനിലുമാണ് പിടിച്ചിട്ടത്. ആലപ്പുഴവഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടു. വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ മാന്നാറിൽ കടയുടെ മുകളിലേക്ക് മരംവീണു. മാന്നാർ നായർ സമാജം സ്‌കൂളിന് സമീപത്തെ ജ്യൂസ് കടയുടെ മുകളിലേക്കാണ് വൻമരം കടപുഴകിയത്. കടയ്‌ക്കുള്ളിൽ ആളുകൾ ഉണ്ടായിരുന്നു. കടയുടെ പുറത്ത് ആളുകൾ ഇല്ലാഞ്ഞതിനാൽ വൻ അപകടം ഒഴിവായി. വ്യാഴം പകൽ 12ന് അവസാനിച്ച 24 മണിക്കൂറിനിടെ ജില്ലയിൽ 20 വീട് ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. കുട്ടനാട്ടിലാണ് വീട് പൂർണമായി തകർന്നത്. അമ്പലപ്പുഴ–- ഒമ്പത്, കുട്ടനാട്–-എട്ട്, മാവേലിക്കര, കാർത്തികപ്പള്ളി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ഓരോ വീടും ഭാഗികമായി തകർന്നു.









0 comments