വീയപുരം -തോട്ടപ്പള്ളി ഭാഗത്ത് ഡ്രഡ്‌ജിങ്ങിന് അനുമതി നീട്ടിനൽകരുത്

ഹരിപ്പാട്
വീയപുരംമുതൽ തോട്ടപ്പള്ളിവരെ നിർത്തിവച്ചിരിക്കുന്ന ഡ്രഡ്‌ജിങ് പുനരാരംഭിക്കാൻ അനുമതി നീട്ടിനൽകരുതെന്ന് കാർത്തികപ്പള്ളി താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. തീരസംരക്ഷണത്തിന് തോട്ടപ്പള്ളിവരെ സ്ഥാപിക്കുന്ന പൈൽ ആൻഡ് സ്ലാബിന് ആവശ്യമായ പൊക്കം ഉറപ്പാക്കണമെന്ന് ഇറിഗേഷൻ വകുപ്പിനോട് നിർദേശിച്ചു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ വേഗം വാല്യൂവേഷൻ നടത്തി പൊളിച്ചുനീക്കാൻ ഹരിപ്പാട് നഗരസഭയ്‌ക്ക് നിർദേശം നൽകി. കായംകുളം മാർക്കറ്റിൽ പകൽസമയങ്ങളിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി കൂടി നടപടികൾ എടുക്കാൻ നഗരസഭയ്‌ക്കും മോട്ടോർവാഹന വകുപ്പിനും നിർദേശം നൽകി. അക്രമകാരികളായ തെരുവുനായകളെ കൊല്ലാൻ നിയമപരമായി കഴിയുമോയെന്നും താലൂക്ക് വികസനസമിതി യോഗം ചേരാൻ കോറം ബാധകമാണോയെന്നും പരിശോധിക്കാൻ തീരുമാനിച്ചു. തൃപ്പക്കുടത്ത് റെയിൽവേ മേൽപ്പാലം നിർമിക്കാൻ ഗേറ്റ് അടയ്‌ക്കുന്നതിനാൽ ഗതാഗതം വഴിതിരിച്ചുവിടും. ആറാട്ടുപുഴ, ചേപ്പാട് വില്ലേജ് ഓഫീസുകളിൽ ജീവനക്കാരെ ലഭ്യതയനുസരിച്ച് നിയോഗിക്കാമെന്ന് തഹസിൽദാർ അറിയിച്ചു. യോഗത്തിൽ ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു അധ്യക്ഷനായി. തഹസിൽദാർ ബി പ്രദീപ്, ഡെപ്യൂട്ടി തഹസിൽദാർ ടി എസ് പ്രതീക്ഷ, രാഷ്‌ട്രീയ പാർടി പ്രതിനിധികളായ എൻ സോമൻ (സിപിഐ എം), കെ എം ഇക്ബാൽ (ജനതാദൾ എസ്), വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.









0 comments