ലിവിങ് വില്ലിന് ഡബിൾ ബെൽ

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ലിവിങ് വില്‍ ഡോ. എം ആര്‍ രാജഗോപാല്‍ ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Aug 01, 2025, 02:09 AM | 1 min read
അമ്പലപ്പുഴ
ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ ലിവിങ് വിൽ ഇൻഫർമേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. അനസ്തേഷ്യ വിഭാഗത്തിന്റെ കീഴിലെ സമഗ്ര പാലിയേറ്റീവ് കെയർ ക്ലിനിക്കിലാണ് ലിവിങ് വിൽ ഇൻഫർമേഷൻ സെന്റർ. ജീവിതാന്ത്യഘട്ടത്തിലെ ചികിത്സാരീതികളെക്കുറിച്ച് വ്യക്തിയുടെ നിർദേശങ്ങളാണ് ലിവിങ് വില്ലിൽ രേഖപ്പെടുത്തുക. ചികിത്സാ തീരുമാനങ്ങൾ എടുക്കാനാകാത്ത അവസ്ഥയിൽ അവസംബന്ധിച്ച ആഗ്രഹങ്ങൾ മുൻകൂട്ടി രേഖപ്പെടുത്താം. വെന്റിലേഷൻ, ഡയാലിസിസ് പോലെ ജീവൻ നിലനിർത്തുന്ന ചികിത്സകൾ സ്വീകരിക്കണോ, വേണ്ടയോ, സംസ്കാര ചടങ്ങുകൾ എന്നീ കാര്യങ്ങളും അറിയിക്കാം. അപേക്ഷപത്രവും നിർദേശങ്ങളും പാലിയേറ്റീവ് കെയർ യൂണിറ്റിൽ ലഭിക്കും. 18 വയസ് തികഞ്ഞവർക്ക് ലിവിങ് വിൽ ഒപ്പുവയ്ക്കാം. ബന്ധുക്കളുമായി ആശയവിനിമയശേഷം ഒപ്പുവച്ച രേഖകൾ ഗസറ്റഡ് റാങ്കിലെ ഉദ്യോഗസ്ഥനും കൂടി ഒപ്പിട്ട് തദ്ദേശസ്ഥാപനത്തിന് കീഴിൽ സൂക്ഷിക്കും. സമഗ്ര പാലിയേറ്റീവ് കെയർ ക്ലിനിക്കിൽ രോഗികൾക്കായി ശനിയാഴ്ചകളിൽ രാവിലെ 9.30 മുതൽ ഒപി സേവനവും ലഭ്യമാകും. 10 കിടക്ക ഉൾപ്പെടുത്തി സജ്ജീകരിച്ച വാർഡിൽ മറ്റ് വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനങ്ങളും ഉറപ്പാക്കും. തിങ്കൾമുതൽ വെള്ളിവരെയാണ് ഈ സേവനം. പ്രമുഖ സാന്ത്വനപരിചരണ വിദഗ്ധൻ ഡോ. എം ആർ രാജഗോപാൽ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. ബി പദ്മകുമാർ അധ്യക്ഷനായി.









0 comments