കെഎസ്‌ആർടിസി തീർഥാടന യാത്രകൾക്ക് ബുക്കിങ് തുടങ്ങി
പഞ്ചപാണ്ഡവ, നാലമ്പല ദർശനത്തിന് ഡബിൾ ബെൽ

സ്വന്തം ലേഖകൻ
ആലപ്പുഴ
കർക്കടകത്തിൽ തീർഥാടന യാത്രകൾ ഒരുക്കി കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ. കോട്ടയം, തൃശൂർ നാലമ്പല ദർശന യാത്രകളും ആറന്മുള വള്ളസദ്യയോടൊപ്പം പഞ്ചപാണ്ഡവക്ഷേത്രങ്ങളിൽ ദർശനത്തിനും ബജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു. ജില്ലയിലെ ഏഴ് ഡിപ്പോകളിൽനിന്നും യാത്രകളുണ്ട്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കൂടുതൽ സർവീസുകളും നടത്തും. ജൂലൈ 17ന് ആരംഭിക്കുന്ന യാത്രകൾക്കായി ബുക്കിങ് ആരംഭിച്ചു. നാല് ശ്രീരാമ-ലക്ഷ്‌മണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളിൽ ഓരേദിവസം ദർശനം നടത്തുന്നതാണ് നാലമ്പല ദർശനം. രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം, അമനകര ശ്രീഭരത സ്വാമിക്ഷേത്രം, മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി വീണ്ടും ശ്രീരാമസ്വാമിയെ ദർശിക്കുന്നതോടെ കോട്ടയം നാലമ്പല ദർശനയാത്ര പൂർത്തിയാകും. തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് തൃശൂർ നാലമ്പല ദർശനത്തിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലെ വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് യാത്ര. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഇവിടങ്ങളിൽ പ്രതിഷ്ഠ. കുന്തി പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന മുതുകുളം പാണ്ഡവർകാവ് ദേവി ക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാക്ഷേത്രവും സന്ദർശിക്കും.









0 comments