വേണം അതീവ ജാഗ്രത

ഫെബിൻ ജോഷി
ആലപ്പുഴ
പേവിഷബാധ അതീവ മാരകമായതിനാൽ പ്രതിരോധവും പ്രഥമശുശ്രൂഷയും റാബീസ് വാക്‌സിനേഷനെക്കുറിച്ച് അറിവും രോഗപ്രതിരോധത്തിൽ അത്യന്തം പ്രധാനം. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണ് പേവിഷബാധ. നായ്‌ക്കളാണ് പ്രധാന രോഗവാഹികൾ. എന്നാൽ പൂച്ച, കുറുക്കൻ, അണ്ണാൻ, വവ്വാൽ തുടങ്ങിയവയും രോഗവാഹകരാകാം. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽനിന്ന് വൈറസുകൾ കടി, മാന്തൽ, പോറൽ എന്നിവയിലൂടെ മനുഷ്യരുടെ ശരീരത്തിലെത്തി സുഷുമ്‌ന നാഡിയെയും തലച്ചോറിനെയും ബാധിക്കുന്നു. രോഗലക്ഷണങ്ങൾ തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്ത് വേദന, തരിപ്പ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ശേഷം വെളിച്ചത്തോടും വായുവിനോടും വെള്ളത്തോടും ഭയംതോന്നും. തൊണ്ടയിലെ പേശികൾക്കുണ്ടാകുന്ന അനിയന്ത്രിതമായ സങ്കോചംമൂലമാണിത്. രോഗലക്ഷണം പ്രകടമാവാൻ മൂന്ന് മാസംവരെ എടുത്തേക്കാം. ചില സാഹചര്യങ്ങളിൽ ഒരാഴ്‌ചമുതൽ ഒരു വർഷംവരെയാകാം. പ്രതിരോധ മാർഗങ്ങൾ വളർത്തുമൃഗങ്ങൾക്ക് മൂന്ന് മാസം പ്രായമായാൽ ആദ്യ കുത്തിവയ്‌പ് എടുക്കാം. പിന്നീട് വർഷങ്ങളുടെ ഇടവേളയിൽ കുത്തിവയ്‌പ് എടുക്കണം. കടിയോ മാന്തലോ പോറലോ ഏറ്റാൽ കുത്തിവയ്‌പ് എടുക്കണം. പേവിഷബാധയ്‌ക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവയ്‌പ്പാണ് (ഐഡിആർവി) നൽകുന്നത്. പൂജ്യം, മൂന്ന്, ഏഴ്, 28 ദിവസങ്ങളിൽ ആണിത്. ഐഡിആർവി സർക്കാർ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജനറൽ, ജില്ലാ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്.മുറിവിന്റെ സ്വഭാവമനുസരിച്ച് ഇമ്യൂണോ ഗ്ലോബുലിൻ കുത്തിവയ്‌പ്പും നൽകും. കടിയേറ്റ് 24 മണിക്കൂറിനുള്ളിൽ ഇമ്യൂണോ ഗ്ലോബുലിൻ എടുക്കണം. ഇത് ഗവ. മെഡിക്കൽ കോളേജിലും ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിലും ലഭ്യമാണ്. യഥാസമയം കുത്തിവയ്‌പ് എടുത്താൽ പേവിഷബാധമൂലമുള്ള മരണം തടയാം. പട്ടിയെയും പൂച്ചയെയും കൈകാര്യംചെയ്യുന്നവരും വന്യമൃഗങ്ങളുമായി ഇടപഴകുന്നവരും മുൻകൂട്ടി പ്രതിരോധ കുത്തിവയ്‌പ് എടുക്കണം. ആദ്യ പ്രതിരോധ കുത്തിവയ്‌പ്പിനുശേഷം ഏഴാംദിവസവും 28–-ാംദിവസവും കുത്തിവയ്‌പ് എടുക്കേണ്ടതാണ്. മൃഗങ്ങളെ പരിപാലിച്ചശേഷം കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. മാന്തലോ പോറലോ മുറിവോ ഉണ്ടായാൽ ഉടൻ പ്രഥമശുശ്രൂഷചെയ്‌ത് ഡോക്‌ടറെ കണ്ട് കാറ്റഗറി നിർണയിച്ചശേഷം കുത്തിവയ്‌പ് എടുക്കണം. കുത്തിവയ്‌പ് രേഖകളോ വാക്‌സിൻ കാർഡോ സൂക്ഷിച്ചുവയ്‌ക്കണം നായ, പൂച്ച എന്നീ വളർത്തുമൃഗങ്ങൾക്ക് പേവിഷബാധയ്‌ക്കെതിരെ വാക്‌സിൻ നൽകാതിരിക്കുന്നത് പൊതുജനാരോഗ്യനിയമം 2023 പ്രകാരം 2000 രൂപവരെ പിഴ ഈടാക്കുന്ന കുറ്റകൃത്യമാണെന്നും ഡിഎംഒ അറിയിച്ചു.









0 comments