വേറിട്ട പദ്ധതികൾ, കാര്യക്ഷമമായ നിർവഹണം
കരുത്താണ് കരുതലാണ് ജില്ലാ പഞ്ചായത്ത്

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ജെൻഡർ പാർക്ക്
ആലപ്പുഴ
അന്പലപ്പുഴ സ്വദേശിയായ 80കാരൻ ഗോപിദാസ് തികച്ചും വ്യത്യസ്‌തമായ ആവശ്യവുമായാണ് ജില്ലാ പഞ്ചായത്തിനെ സമീപിച്ചത്. പ്ലസ് ടു തുല്യതാ കോഴ്‌സിന് പഠിക്കുന്ന തനിക്ക് നിയമബിരുദം നേടണം. അതിന് ആദ്യം ബിരുദം വേണം. ആവശ്യം ഗൗരവമായി എടുത്ത ജില്ലാ പഞ്ചായത്ത് ബിരുദപഠനത്തിന് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് സൗകര്യം ഏർപ്പെടുത്തി. സാക്ഷരതാമിഷന്റെയും എസ് ഡി കോളേജിന്റെയും സഹകരണത്തോടെ ഒരുക്കിയ പഠനകേന്ദ്രത്തിൽ ഇപ്പോൾ 600 പഠിതാക്കളുണ്ട്. 50 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇതോടെ ആലപ്പുഴ സംസ്ഥാനത്ത് ഇത്തരത്തിൽ പഠനകേന്ദ്രം ഒരുക്കിയ ആദ്യ ജില്ലാ പഞ്ചായത്തായി. വ്യത്യസ്‌തമായ പദ്ധതികൾ ആസൂത്രണം ചെയ്‌തും കാര്യക്ഷമമായി നടപ്പാക്കിയുമാണ് ജില്ലാ പഞ്ചായത്ത് ശ്രദ്ധനേടിയത്. ആലപ്പുഴ ജൻഡർ പാർക്ക് പ്രവർത്തനക്ഷമമാക്കിയതും ഇത്തരത്തിൽ ഒന്നാണ്. വർക്കിങ് വിമൻസ് ഹോസ്‌റ്റൽ, ക്രഷെ തുടങ്ങിയവ 10 കോടി രൂപ ചെലവിട്ട് ഇതിന്റെ ഭാഗമായി ഒരുക്കി. ആറുമാസം വരെ നവജാതശിശുക്കളുടെ ആരോഗ്യപരിപാലനം ലക്ഷ്യമിട്ട് മാവേലിക്കര താലൂക്ക് ആശുപത്രിയിൽ നടപ്പാക്കിയ ‘ഹാഫ് ബർത്ത്‌ഡേ’ പദ്ധതി സംസ്ഥാനതല ശ്രദ്ധ നേടി. ആരോഗ്യമന്ത്രി വീണാ ജോർജ് പദ്ധതി ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും വ്യാപിപ്പിച്ചു. കാഴ്‌ചപ്രശ്‌നമുള്ളവർക്ക് സംസാരിച്ച് പ്രവർത്തിപ്പിക്കാൻ പറ്റിയ ലാപ്‌ടോപ് നൽകിയതും ശ്രദ്ധേയമായി. ഭിന്നശേഷിക്കാർക്ക് സ്‌കോളർഷിപ്, ഇലക്‌ട്രിക് സ്‌കൂട്ടർ, വീൽ ചെയറുകൾ തുടങ്ങിയവ നൽകി. ട്രാൻസ് ജെൻഡറുകൾ ഉൾപ്പെടെ എൽജിബിടിക്യു വിഭാഗത്തിനായി സംയോജിത കാർഷിക പദ്ധതി ആവിഷ്‌കരിച്ചു. ഇതിനുകീഴിൽ ഒരു ട്രാൻസ്‌ജെൻഡർ സംസ്ഥാന കാർഷിക പുരസ്‌കാരവും നേടി.









0 comments