വൃക്കരോഗികളെ ചേർത്തുപിടിച്ച് എൽഡിഎഫ് സർക്കാർ
ജീവന് കരുതലായി ഡയാലിസിസ് കേന്ദ്രങ്ങൾ

ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിലെ രോഗിയോട് രോഗവിവരങ്ങൾ അന്വേഷിക്കുന്ന ഡയാലിസിസ് ഇൻചാർജ് നേഴ്സ് ഡി ആശ
അഞ്‌ജുനാഥ്
Published on May 01, 2025, 02:30 AM | 1 min read
ആലപ്പുഴ
സ്വകാര്യ ആശുപത്രികളില്ലെങ്കിൽ വൃക്കരോഗികൾക്ക് ഡയാലിസിസ് നടക്കില്ലെന്ന അവസ്ഥ ഇന്ന് പഴങ്കഥ. വൻതുക മുടക്കി ചെയ്‌തിരുന്ന ഡയാലിസിസ് ഇപ്പോൾ ആർക്കും താങ്ങാനാകുന്ന ചെലവിൽ സാധ്യമാകും. ഇത് നൂറുകണക്കിന് പാവപ്പെട്ട രോഗികൾക്ക് ആശ്വാസമാകും. താലൂക്ക് ആശുപത്രികളിൽ ഉൾപ്പെടെ വിപുല സൗകര്യങ്ങളോടെ ഡയാലിസിസ് കേന്ദ്രങ്ങൾ സജ്ജീകരിച്ചാണ് സർക്കാർ വൃക്കരോഗികളെ ചേർത്തുപിടിച്ചത്. ജില്ലയിൽ ഗവ. മെഡിക്കൽ കോളേജ്, ആലപ്പുഴ ഗവ. ജനറൽ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, തുറവൂർ, ഹരിപ്പാട്, കായംകുളം, ചേർത്തല താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഡയാലിസിസ് കേന്ദ്രങ്ങളുണ്ട്. സ്വകാര്യമേഖലയിൽ പതിനായിരങ്ങൾ ചെലവാകുന്ന ഡയാലിസിസിന് സർക്കാർ ആശുപത്രികളിൽ 250 മുതൽ 650 രൂപവരെ മാത്രമാണ് ചെലവ്. ബിപിഎൽ വിഭാഗങ്ങൾക്ക് സൗജന്യനിരക്കിലും. മെഷീനുകൾ സ്ഥാപിക്കുന്നതിന് കിഫ്‌ബിയും കൈത്താങ്ങായി. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ നേരത്തെ രണ്ട് ഡയാലിസിസ് മെഷീനുകൾ മാത്രമായിരുന്നു. ഇപ്പോൾ 30 എണ്ണമായി. ദിവസേന 40 രോഗികൾക്കുവരെ ഡയാലിസിസ് നടത്തുന്നു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ 13 ഡയാലിസിസ് മെഷീനുണ്ട്. 58 രോഗികൾ ഇവിടെ ചികിത്സയിലുണ്ട്. മാവേലിക്കര ജില്ലാ ആശുപത്രിയിൽ 15 ഡയാലിസിസ് മെഷീനുകളാണുള്ളത്. രണ്ട് ഷിഫ്റ്റിലായി ദിവസം 28 വരെ രോഗികൾ എത്തും. എപിഎൽ വിഭാഗക്കാർക്ക് 650 രൂപയും ബിപിഎൽ വിഭാഗക്കാർക്ക് 250 രൂപയും ആണ് ഈടാക്കുന്നത്. ആശുപത്രിക്ക് ഒരു രോഗിക്കായി 950 രൂപ വരെ ചെലവാകും. ശേഷിക്കുന്ന തുക ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളിൽനിന്ന് കണ്ടെത്തും. ജില്ലയിൽ ഏറ്റവുംകൂടുതൽ രോഗികൾ ഡയാലിസിസിന് എത്തുന്നത് കായംകുളം താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രിയിലാണ്. 124 പേർ. 16 മെഷീൻ ഇവിടെയുണ്ട്.









0 comments