ഡെന്റൽ കോളേജ് പുതിയ കെട്ടിടത്തിൽ

ആലപ്പുഴ ഡെന്റൽ കോളേജിന്റെ പുതിയ കെട്ടിടം മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
സംസ്ഥാനത്ത് ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങളുടെ വൻ കുതിപ്പാണെന്ന് മന്ത്രി വീണാ ജോർജ്. ആലപ്പുഴ ഡെന്റൽ കോളേജിന്റെ പുതിയ കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യവിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ നൽകണമെന്നാണ് സർക്കാർ ഉദ്ദ്യേശിക്കുന്നത്. ഗവ. നഴ്സിങ് സീറ്റുകളുടെ എണ്ണം 491ൽനിന്ന് 1250 ആയി വർധിപ്പിച്ചു. 15 സർക്കാർ, സർക്കാർ നിയന്ത്രണ ഗവ. നഴ്സിങ് കോളേജുകളും പുതിയ ഡിപ്പാർട്ടുമെന്റുകളും തുടങ്ങി. കേരളത്തെ ദന്ത ചികിത്സയുടെ അന്താരാഷ്ട്ര ഹബ്ബാക്കാനുള്ള പ്രവർത്തനമാണ് നടത്തുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ സജ്ജമാക്കിയ ഡിജിറ്റൽ സബ്സ്ട്രാക്ഷൻ ആൻജിയോഗ്രാഫി ഉപകരണവും മന്ത്രി ഉദ്ഘാടനംചെയ്തു. എച്ച് സലാം എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ബി പത്മകുമാർ, ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. ടി വി അനുപം കുമാർ, സൂപ്രണ്ട് എ ഹരികുമാർ, ഡോ. ഷീല വെർജിനിയ റോഡ്രിഗ്‌സ്, കെ എ നസീർ, പ്രദീപ്തി സജിത്ത്, ടി ജയപ്രകാശ് എന്നിവർ സംസാരിച്ചു.









0 comments