ഒടുവിൽ കാരുപറമ്പ് റോഡിന് ശാപമോക്ഷം; ഉത്സവമാക്കി നാട്ടുകാർ

കാരുപറമ്പ് - പാതിരപ്പള്ളി വില്ലേജ് ഓഫീസ് റോഡിന്റെ നിർമാണം പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മാരാരിക്കുളം
റോഡ് ആണോ തോട് ആണോ എന്ന് തിരിച്ചറിയാത്ത അവസ്ഥയിൽ തകർന്ന് കിടന്നിരുന്ന കാരുപറമ്പ് -പാതിരപ്പള്ളി വില്ലേജ് ഓഫീസ് റോഡിന് ഒടുവിൽ പി പി ചിത്തരഞ്‌ജൻ എംഎൽഎയുടെ ഇടപെടലിൽ ശാപമോക്ഷം. ഈ റോഡ് ചിത്തിര മഹാരാജ വിലാസം യുപി സ്‌കൂളിലേക്കും മേരി ഇമ്മാക്കുലേറ്റ് സ്‌കൂളിലേക്കുമെല്ലാം കുട്ടികൾ വരുന്ന പ്രധാന വഴിയാണ്. 2021ൽ എംഎൽഎ മുൻകൈയെടുത്തുതന്നെ ഈ റോഡ് ബിഎംബിസി നിലവാരത്തിൽ പൊതുമരാമത്തുവകുപ്പിന്റെ നേതൃത്വത്തിൽ പുനർനിർമിച്ചിരുന്നു. എന്നാൽ അക്കാലത്ത് കാര്യമായ കേടുപാട് ഉണ്ടാകാതിരുന്ന ഭാഗം ഒഴിവാക്കിയാണ് നിർമാണപ്രവൃത്തികൾ നടന്നത്. എന്നാൽ റോഡിന്റെ ഉയരം വർധിച്ചപ്പോൾ നിർമാണം നടത്താത്ത ഭാഗത്തേക്ക് വെള്ളം ഒഴുകിക്കൂടുന്ന സ്ഥിതി വരികയും കഴിഞ്ഞ കാലവർഷത്തിൽ റോഡ് ആകെ തകർന്ന് തരിപ്പണമാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. സ്‌കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് ഈ അവസ്ഥ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് റോഡ് കണക്‌ടിവിറ്റിക്കായി ആലപ്പുഴ മണ്ഡലത്തിൽ അനുവദിക്കപ്പെട്ടിരുന്ന ഒന്പതുകോടിയിൽ ഉൾപ്പെടുത്തി വില്ലേജ് ഓഫീസ് -കാരുപറമ്പ് റോഡിന്റെ ശേഷിക്കുന്ന ഭാഗം ഇപ്പോൾ പുനർനിർമിക്കുന്നത്. റോഡിന്റെ നിർമാണോദ്ഘാടനം പി പി ചിത്തരഞ്‌ജൻ എംഎൽഎ നടത്തി. പ്രദേശവാസികളും സ്‌കൂളുകളിലെ കുട്ടികളുടെ രക്ഷിതാക്കളും അടക്കം നൂറുകണക്കിനുപേർ പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത അധ്യക്ഷയായി. വി കെ പ്രകാശ് ബാബു, പി ജെ ഇമ്മാനുവൽ, ഷീല സുരേഷ് , കെ ജി സുഖദേവ്, സേവിയർ മാത്യു , കെ ജെ ജാക്‌സൺ, ജയൻ തോമസ്, എസ് ധനപാൽ എന്നിവർ സംസാരിച്ചു.







0 comments