തട്ടിപ്പ് കേസുകളിൽ ദമ്പതികൾ 30 വർഷത്തിനുശേഷം പിടിയില്‍

മാന്നാര്‍
തട്ടിപ്പുകേസുകളിൽ പ്രതികളായ ദമ്പതികളെ 30 വർഷത്തിനുശേഷം മുംബെെയില്‍നിന്ന് പിടികൂടി. മാന്നാർ കുരട്ടിക്കാട് കണിച്ചേരിൽ ശശിധരൻ (71) ഭാര്യ ശാന്തിനി (65) എന്നിവരെയാണ് മാന്നാർ പൊലീസ് പൻവേലിൽനിന്ന് അറസ്‌റ്റ് ചെയ്‌തത്. 1995ൽ വിദേശത്ത് ജോലി വാഗ്‌ദാനംചെയ്‌ത് പണം തട്ടിച്ചതിന് മാന്നാർ പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങി. പിന്നീട് കോടതിയിൽ ഹാജരായില്ല. 1997ൽ കെഎസ്എഫ്ഇയിൽ വസ്‌തു ഈടായി നൽകി വായ്‌പയെടുത്തു. പിന്നീട് കെഎസ്എഫ്ഇ അറിയാതെ വസ്‌തു കൈമാറ്റംചെയ്‌ത് കബളിപ്പിച്ചതിന് മാന്നാർ പൊലീസ് ശശിധരന്റെ പേരിൽ കേസെടുത്തു. ഈ കേസിൽ പ്രതിയെ പിടികൂടാനായിരുന്നില്ല. കോടതിയിൽ ഹാജരാകാതിരുന്നതിനാൽ പ്രതികളെപിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാർ, മാന്നാർ എസ്എച്ച്ഒ ഡി രജീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷകസംഘം മുംബൈയിലെ പൻവേലിൽനിന്ന് പ്രതികളെ പിടികൂടിയത്.









0 comments