സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി
കൈനകരിയിൽ കൂറ്റൻ ടാങ്ക്; കുഴലിടൽ തുടങ്ങി

കൈനകരി ജങ്ഷൻവഴി മുണ്ടയ‍്ക്കൽ ടാങ്കിലേക്ക് പൈപ്പ്ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
തകഴി
സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയുടെ കൈനകരിയിലെ പ്രവൃത്തികൾക്ക് തുടക്കമായി. പഞ്ചായത്ത് അങ്കണത്തിൽ തോമസ് കെ തോമസ് എംഎൽഎ ഉദ്‌ഘാടനംചെയ്തു. സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പാക്കേജ് എട്ടിലാണ് കൈനകരി ഉൾപ്പെടുന്നത്. ഏഴുലക്ഷം ലിറ്റർ ശേഷിയുടെ ഓവർ ഹെഡ് ടാങ്കും 112 കി.മി പൈപ്പ് ലൈൻ സ്ഥാപനവും മുണ്ടയ്ക്കലിലെ ടാങ്ക് നവീകരണവുമാണ് പ്രവൃത്തിയിൽ ഉൾപ്പെടുന്നത്. പഴയ റബർകമ്പനിയ്ക്ക് സമീപത്താണ് പുതിയ ഓവർ ഹെഡ് ടാങ്ക് നിർമിക്കുക. പള്ളാത്തുരുത്തിയിൽനിന്ന് കൈനകരി ജങ്ഷൻ വഴി മുണ്ടയ്ക്കൽ ടാങ്കിലേയ്‌ക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിക്കും തുടക്കമായി. 2.5 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. പ്രവൃത്തി പൂർത്തിയാകുന്നതോടെ 5500 കണക്ഷനുകൾ നൽകി കൈനകരി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുദ്ധജലമെത്തും. മഹാരാഷ്ട്രയിലെ ബിവായ് കൺസ്ട്രക്ഷൻസ് മേൽനോട്ടത്തിലാകും കൈനകരി, നെടുമുടി, പഞ്ചായത്തുകൾ ഉൾപ്പെടുന്ന പാക്കേജ് എട്ടിന്റെ നിർമാണം.
13 പഞ്ചായത്തിലും കുടിവെള്ളമെത്തും
ഒന്പതു പാക്കേജുകളിലായി നടപ്പിലാക്കുന്ന സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി യാഥാർഥ്യമാകുമ്പോൾ 13 പഞ്ചായത്തുകളിലെയും മുഴുവൻ വാർഡുകളിലും കുടിവെള്ളം ലഭ്യമാക്കാനാകുമെന്ന് തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പ്രസീദ മിനിൽകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ കെ എ പ്രമോദ്, സബിത മനു, പഞ്ചായത്ത് അംഗങ്ങളായ ഡി ലോനപ്പൻ, സന്തോഷ് പട്ടണം, ശാലിനി, ലീനാമോൾ, ജല അതോറിറ്റി അസി. എക്സി. എൻജിനീയർ അരുൺ കുര്യൻ, കെ എസ് അനിൽ കുമാർ, എ ഡി കുഞ്ഞച്ചൻ, എസ് സുധിമോൻ, റോചാ സി മാത്യു എന്നിവർ സംസാരിച്ചു.









0 comments