കണ്ണീർ തോരാതെ കളർകോട്
അവനല്ലല്ലോ മരിച്ചത്, ഞങ്ങളല്ലേ

മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച അന്തർദേശീയ റോഡപകട ഓർമദിനത്തിൽ ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളെ അനുസ്‌മരിക്കുന്നു
ആലപ്പുഴ
‘അന്ന് അവനല്ലല്ലോ മരിച്ചത്, ഞങ്ങൾ മൂന്ന് പേരുമല്ലേ... നിങ്ങളെ ഓരോരുത്തരെയും കാത്തിരിക്കുന്ന ഒത്തിരിപേരുണ്ടാകും. റോഡിലിറങ്ങുമ്പോൾ ഉറ്റവരെ ഓർക്കുക...’– കളർകോട് വാഹനാപകടത്തിൽ മരിച്ച ആയുഷ് ഷാജിയുടെ അമ്മ ഉഷയുടെ വിതുന്പുന്ന വാക്കുകളാണിത്.
അന്തർദേശീയ റോഡപകട ഓർമദിനത്തിൽ ജില്ലയിൽ ആറ് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ കളർകോട് അപകടസ്ഥലത്തിന് സമീപം സംഘടിപ്പിച്ച അനുസ്‌മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉഷ. 2024 ഡിസംബർ രണ്ടിന് രാത്രി 9.20ന് കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ മുഹമ്മദ് അബ്‌ദുൾ ജബ്ബാർ, പി പി മുഹമ്മദ് ഇബ്രാഹിം, ശ്രീദീപ് വത്സൻ, ബി ദേവനന്ദൻ, ആയുഷ് ഷാജി, ആൽവിൻ ജോർജ് എന്നിവർ മരിച്ചത്.
കളർകോട് അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ കുടുംബാംഗങ്ങളും സഹപാഠികളും ഓർമകൾ പങ്കുവച്ചു. മരണമടഞ്ഞ വിദ്യാർഥികളുടെ ഫോട്ടോയിൽ പുഷ്‌പാർച്ചനയും നടത്തി. അപകടങ്ങളിൽ പരിക്കേറ്റവർക്ക് ഡ്രൈവിങ് സ്‌കൂളുകളുടെ സഹകരണത്തോടെ വീൽ ചെയറും സഹായധനവും നൽകി. മോട്ടോർ വാഹന ഉദ്യോഗസ്ഥർ, പൊലീസുകാർ, ഡ്രൈവിങ് സ്‌കൂൾ പ്രതിനിധികൾ, റോഡ് സേഫ്റ്റി ഫോഴ്സ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
എഡിഎം ആശ സി എബ്രഹാം, ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ എന്നിവർ അനുസ്‌മരണപ്രഭാഷണം നടത്തി. ആലപ്പുഴ ആർടിഒ സജി പ്രസാദ് സ്വാഗതംപറഞ്ഞു. ആലപ്പുഴ എൻഫോഴ്സ്‌മെന്റ് ആർടിഒ ഡി ജയരാജ് റോഡ് സുരക്ഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.









0 comments