print edition വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന ; തൊഴിൽഭാരവും സമ്മർദവും , വലഞ്ഞ് ബിഎൽഒമാർ

തിരുവനന്തപുരം
വേണ്ടത്ര ആസൂത്രണമില്ലാതെയും മാനുഷിക പരിഗണന നൽകാതെയും തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കുന്ന വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ജോലി സമ്മർദം താങ്ങാനാകാതെ ഉദ്യോഗസ്ഥർ. ബിജെപി ഒഴികെയുള്ള മുഴുവൻ രാഷ്‌ട്രീയ പാർടികളുടെയും എതിർപ്പ് അവഗണിച്ചാണ് കമീഷന്റെ തിരക്കിട്ട നടപടി. കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയത് സമ്മർദം താങ്ങാനാകാതെയാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ, തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും എസ്‌ഐആർ നിർത്തിവയ്‌ക്കണമെന്ന ആവശ്യത്തോട് തെരഞ്ഞെടുപ്പ് കമീഷന് മുഖം തിരിക്കാനാ കില്ല.
പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജാണ് ശനിയാഴ്ച രാവിലെ ആത്മഹത്യ ചെയ്തത്. രാത്രി ഒന്നുവരെ എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. ജോലിയിലെ സമ്മർദത്തെക്കുറിച്ച് അനീഷ് പറഞ്ഞിരുന്നതായി ഭാര്യ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്‌ഐആർ നീട്ടിവയ്‌ക്കണമെന്ന മഹാരാഷ്‌ട്രയുടെ വാദം അംഗീകരിച്ച തെരഞ്ഞെടുപ്പ് കമീഷൻ, അതേ ആവശ്യം ഉന്നയിച്ച കേരളത്തെ തള്ളി. ബിജെപിയുടെ സമ്മർദത്തിന് വഴങ്ങി സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപണമുയരു ന്നുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ശനിയാഴ്ച വിളിച്ചുചേർത്ത യോഗത്തിൽ ബിജെപി ഒഴികെയുള്ള പാർടികളുടെ പ്രതിനിധികൾ പരാതി ഉന്നയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമാണ് കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്. എസ്‌ഐആറിനുവേണ്ടി നിയോഗിച്ച പകുതിപേർക്കും തദ്ദേശ തെരഞ്ഞെടുപ്പ് ചുമതലകളുമുണ്ട്. അതികഠിന ജോലിഭാരമാണ് ബിഎൽഒമാർ അഭിമുഖീകരിക്കുന്നത്. പ്രായോഗിക പ്രശ്‌നങ്ങൾ ഉയർത്തി എതിർപ്പ് അറിയിച്ചിട്ടും ബിജെപിയുടെ നിർബന്ധത്തിന് വഴങ്ങി തദ്ദേശ തെരഞ്ഞെടുപ്പുസമയത്തുതന്നെ എസ്ഐആർ നിർബന്ധപൂർവം നടപ്പാക്കുകയാണെന്ന് രാഷ്‌ട്രീയ പാർടികൾ ആരോപിക്കുന്നു.
എസ്‌ഐആറിന്റെ രക്തസാക്ഷി
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ആദ്യ രക്തസാക്ഷിയാണ് കണ്ണൂർ ഏറ്റുകുടുക്കയിലെ അനീഷ് ജോർജ്. ജീവനൊടുക്കുന്നതിന് മണിക്കൂറുകൾമുന്പുവരെ ഇൗ ജീവനക്കാരൻ എസ്‌ഐആറുമായി ബന്ധപ്പെട്ട് വീടുകൾ സന്ദർശിച്ചിരുന്നു. ഞായറാഴ്‌ച പുലർച്ചെ ഒന്നരവരെ ഇതുമായി ബന്ധപ്പെട്ട് എഴുത്തുപണിയിലുമായിരുന്നു. മൂന്ന്, നാല് മണിക്കൂർ മാത്രം വിശ്രമിച്ചാണ് രാവിലെ വീണ്ടും വീടുകൾ കയറിയത്. തുടർന്ന്, മാതാപിതാക്കൾക്കും ഭാര്യയ്‌ക്കും മക്കൾക്കുമൊപ്പം പള്ളിയിൽപോയ അനീഷ് അവിടെനിന്ന് തനിയെ പെട്ടെന്ന് ഇറങ്ങുകയായിരുന്നു.
പള്ളിയിൽനിന്ന് വീട്ടിലെത്തിയ ഭാര്യ ഫാമിലയുടെ നിലവിളികേട്ടാണ് അനീഷിന്റെ വീട്ടിലേക്ക് ഓടിയെത്തിയതെന്ന് അയൽവാസിയായ എ പുഷ്‌പലത പറഞ്ഞു. ഉടൻ ഓട്ടോറിക്ഷയിൽ പയ്യന്നൂർ സഹകരണ ആശുപത്രിയിലെത്തിച്ചു. ആരോടും അധികം ഇടപഴകാറില്ലെങ്കിലും അയൽവാസികളുമായി അനീഷ് നല്ല അടുപ്പത്തിലായിരുന്നു. അനീഷിന് ഭയങ്കര ടെൻഷനാണെന്ന് അമ്മ മേരിടീച്ചർ പറഞ്ഞതായും പുഷ്‌പലത പറഞ്ഞു.









0 comments