ചെന്നിത്തല പള്ളിയോടം നാളെ നീരണിയും

മാന്നാർ
അമരവും ചുണ്ടും പുതുക്കി നവീകരിച്ച ചെന്നിത്തല പള്ളിയോടം ഞായറാഴ്‌ച നീരണിയുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെന്നിത്തല തെക്ക് 93–-ാംനമ്പർ എൻഎസ്‌എസ് കരയോഗത്തിന്റെ പള്ളിയോടം പകൽ 10.20ന് അച്ചന്‍കോവിലാറിലെ വലിയപെരുമ്പുഴ പള്ളിയോടകടവിലാണ് നീരണിയുന്നത്. തുടർന്ന് വഴിപാടുകൾ സ്വീകരിച്ച് പള്ളിയോടക്കടവിൽ മടങ്ങിയെത്തും. സെപ്തംബർ നാലിന് ചിത്രാലയം നാരായണൻനായരുടെ സ്‌മരണാർഥം ഏർപ്പെടുത്തിയ വഞ്ചിപ്പാട്ട് മത്സരം ശ്രീകണ്ഠപുരം ആശുപത്രി എംഡി ഡോ. ആർ രവിശങ്കർ ഉദ്ഘാടനംചെയ്യും. കരയോഗം പ്രസിഡന്റ് ദിപു പടകത്തിൽ അധ്യക്ഷനാകും. രാത്രി ഏഴിന് ബൈജു ത്യാഗരാജിന്റെ സംഗീത പരിപാടി. ആറിന് സൂര്യപ്രഭ മ്യൂസിക്കിന്റെ ഗാനാർച്ചന. ഏഴിന് സാംസ്‌കാരിക സമ്മേളനം എൻഎസ്‌എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സുനിൽ ചന്ദ്രൻ ഉദ്ഘാടനംചെയ്യും. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും. കരയോഗം പ്രസിഡന്റ് ദിപു പടകത്തിൽ അധ്യക്ഷനാകും. വഞ്ചിപ്പാട്ട് മത്സര വിജയികൾക്ക് സമ്മാനങ്ങൾ രമേശ് ചെന്നിത്തല എംഎൽഎയും വിദ്യാഭ്യാസ പുരസ്‌കാരം കൊടിക്കുന്നിൽ സുരേഷ് എംപിയും പള്ളിയോട തുഴച്ചിൽക്കാർക്കും ഭാരവാഹികൾക്കും ടാഗ് വിതരണം എം എസ് അരുൺകുമാര്‍ എംഎല്‍എയും നടത്തും. വൈകിട്ട് ഏഴിന് ചെന്നിത്തല വേൽമുരുക ഭജൻസിന്റെ ഭജൻ. എട്ടിന് രാവിലെ 9.30ന് തിരുവാറൻമുള ജലോത്സവത്തിൽ പങ്കെടുക്കാൻ പള്ളിയോടം പുറപ്പെടും. ഒമ്പതിന് വഴിപാട് വള്ളസദ്യകൾ സ്വീകരിച്ച് 20ന് ചെന്നിത്തലയിലേക്ക് മടക്കയാത്ര. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ദീപു പടകത്തിൽ, വൈസ്‌പ്രസിഡന്റ് വി ശ്രീനാഥ്, സെക്രട്ടറി കെ ഗോപാലകൃഷ്‌ണപിള്ള, ജോയിന്റ് സെക്രട്ടറി സന്തോഷ് ചാല, പള്ളിയോട പ്രതിനിധി രാഖേഷ് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.









0 comments