ചെങ്ങന്നൂർ റവന്യൂ ടവർ യാഥാർഥ്യമാകുന്നു

റവന്യൂ ടവർ സമ്മേളനം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി സജി ചെറിയാൻ സമീപം
ചെങ്ങന്നൂർ
22.12 കോടി ചെലവഴിച്ച് നിർമിക്കുന്ന ചെങ്ങന്നൂർ റവന്യൂ ടവറിന്റെ നിർമാണം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്‌തു. ഏതു വലിയ പ്രകൃതിദുരന്തം ഉണ്ടായാലും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കരുത്തുള്ള കേന്ദ്രമാണ് റവന്യൂ ടവറിലൂടെ ചെങ്ങന്നൂരിൽ യാഥാർഥ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2018-ലെ പ്രളയദുരന്തത്തിൽ ചെങ്ങന്നൂരിലുണ്ടായ നാശനഷ-്‌ടം ആവർത്തിക്കാതിരിക്കാനാണ് വൻതുക ചെലവഴിച്ച് സംസ്ഥാനത്തെ ഏറ്റവും മികച്ച റവന്യൂ ടവർ ചെങ്ങന്നൂരിൽ നിർമിക്കുന്നത്. ഈ വർഷം ഡിസംബർ 31ന് മുമ്പായി മുണ്ടക്കൈയിലെ ദുരന്തബാധിതരെ മുഴുവൻ പുതിയ ടൗൺഷിപ്പിലേക്ക് പുനരധിവസിപ്പിക്കും.
വ്യക്തിഗത, റവന്യൂ വിവരങ്ങൾ അടങ്ങുന്ന ഡിജിറ്റൽ റവന്യൂ കാർഡ് നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നും ചെറിയനാട് സ-്‌മാർട്ട് വില്ലേജ് ഓഫീസ് നിർമിക്കാനുള്ള തുക അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. പഴയ താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് നടന്ന ഉദ്ഘാടനയോഗത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.
2018 ലെ പ്രളയത്തിന്റെ ഏഴാം വാർഷികത്തിലാണ് ചെങ്ങന്നൂർ റവന്യൂ ടവറിന്റെ നിർമാണം ആരംഭിക്കുന്നത്. ഈ അനുഭവത്തിലാണ് താലൂക്ക് ഓഫീസ് എന്നതിലുപരി ആധുനിക സൗകര്യങ്ങളെല്ലാമുള്ള റവന്യൂ ടവർ നിർമാണം ലക്ഷ്യമിട്ടത്. റവന്യൂ ടവറിൽ ആർഡിഒ ഓഫീസും സബ് രജിസ്ട്രാർ ഓഫീസും പ്രവർത്തനം തുടങ്ങും. നിലവിലെ ആർഡിഒ ഓഫീസിന്റെ സ്ഥലത്ത് മിനി പാർക്കും രജിസ്ട്രേഷൻ ഓഫീസിന്റെ സ്ഥലത്ത് ആധുനിക സംവിധാനത്തിലുള്ള വാഹന പാർക്കിങ്ങും ലക്ഷ്യമിടുന്നു. ആയിരത്തിലേറെ ആളുകൾക്ക് പങ്കെടുക്കാൻ പറ്റുന്ന രണ്ട് എസി ഓഡിറ്റോറിയവും മൂവായിരത്തിലേറെ ആളുകളെ ഉൾക്കൊള്ളാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും യാഥാർഥ്യമാകും. മാന്നാർ ചെങ്ങന്നൂർ പൈതൃക പദ്ധതിയും ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ചെങ്ങന്നൂർ നഗരസഭാധ്യക്ഷ ശോഭ വർഗീസ്, കെഎസ-്‌സിഎംഎംസി ചെയർമാൻ എം എച്ച് റഷീദ്, കലക-്‌ടർ അലക-്‌സ് വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം, എം ശശികുമാർ, അശ്വിനി അച്യുതൻ എന്നിവർ സംസാരിച്ചു. പുലിയൂർ വില്ലേജ് ഓഫീസിന്റെ നിർമാണ ഉദ്ഘാടനവും പട്ടയവിതരണവും നടന്നു.









0 comments