സർക്കാർ സംവിധാനങ്ങൾ സുസജ്ജം: മന്ത്രി സജി ചെറിയാൻ

ശബരിമല തീർഥാടകരെ സ്വീകരിക്കാൻ ചെങ്ങന്നൂർ ഒരുങ്ങി

ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് തയ്യാറാക്കിയ കെഎസ്ആർടിസി ഇൻഫർമേഷൻ സെന്റർ

ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് തയ്യാറാക്കിയ കെഎസ്ആർടിസി ഇൻഫർമേഷൻ സെന്റർ

വെബ് ഡെസ്ക്

Published on Nov 17, 2025, 01:13 AM | 1 min read

ചെങ്ങന്നൂർ
ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനകാലയളവിൽ ചെങ്ങന്നൂരിലെത്തുന്ന തീർഥാടകരെ സ്വീകരിക്കാൻ സർക്കാർ സംവിധാനങ്ങൾ സുസജ്ജമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കെഎസ്ആർടിസി, ദേവസ്വം ബോർഡ്, നഗരസഭ, ആരോഗ്യവിഭാഗം നേതൃത്വത്തിലാണ് അടിസ്ഥാനസ‍ൗകര്യങ്ങൾ ഒരുക്കിയത്‌.

തത്സമയ ബുക്കിങ്‌ സൗകര്യം

റെയിൽവേസ്‌റ്റേഷൻ പരിസരത്ത് കെഎസ്ആർടിസി, ആരോഗ്യവകുപ്പ്, ദേവസ്വം ബോർഡ് കേന്ദ്രങ്ങൾ ആരംഭിച്ചു. ആരോഗ്യവകുപ്പിന്റെ കേന്ദ്രത്തിൽ ആബുലൻസ് സൗകര്യവും ലഭ്യമാക്കി. മഹാദേവർ ക്ഷേത്രത്തിന്‌ സമീപവും ആരോഗ്യവകുപ്പിന്റെ സേവനം ലഭ്യമാക്കും. ദേവസ്വം ബോർഡ്‌ ഇൻഫർമേഷൻ സെന്ററിൽ തത്സമയ ബുക്കിങ്‌ സൗകര്യം ആരംഭിച്ചു. ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിൽ 1500 തീർഥാടകർക്ക് വിരിവയ്‌ക്കാൻ സൗകര്യം ഒരുക്കി. ക്ഷേത്രത്തിനുള്ളിൽ 36 സിസിടിവി ക്യാമറ പ്രവർത്തനക്ഷമമാണ്. പൊലീസ്‌ കൺട്രോൾ റൂമുകൾക്ക്‌ റെയിൽവേ സ്‌റ്റേഷനിലും മഹാദേവർ ക്ഷേത്രത്തിന്‌ സമീപവും സൗകര്യങ്ങൾ സജ്ജമാക്കി. ജില്ല ആശുപത്രിയിൽ ആറ് കിടക്കയുമായി ശബരിമല വാർഡ് തുറന്നു.

സുരക്ഷ ഉറപ്പാക്കും

മഹാദേവക്ഷേത്രത്തിന്‌ സമീപം അംഗീകൃത കടവുകളിൽ മാത്രമാണ്‌ തീർഥാടകർ കുളിക്കുന്നതെന്ന്‌ പരിശോധിക്കാൻ ദേവസ്വം, പൊലീസ് വകുപ്പുകളെ ചുമതലപ്പെടുത്തി. 24 മണിക്കൂറും സ്‌കൂബാ ഡൈവേഴ്സിന്റെയും അഗ്നിരക്ഷാസേനയുടെ സേവനം ലഭ്യമാക്കും. പ്രധാനപാതകളിലും, കടവുകളിലും കെഎസ്ഇബി നേതൃത്വത്തിൽ മിനി മാസ്‌റ്റ്‌ ലൈറ്റുകളും വഴിവിളക്കുകളും സ്ഥാപിച്ചു. എക്‌സ്‌ സർവീസ് വിശ്രമകേന്ദ്രത്തിലെ മുറികൾ ഭക്തർക്കായി തുറന്നുനൽകും. ഫുഡ് ആൻഡ് സേഫ്റ്റി, നഗരസഭ, ആരോഗ്യവകുപ്പ്, പൊതുവിതരണം, ആർടിഒ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന്‌ ഭക്ഷണ മെനു, വില, സാധനങ്ങളുടെ നിലവാരം, വാഹനവാടക എന്നിവ നിശ്ചയിച്ചു. ഹോട്ടലുകളിൽ പരിശോധന നടത്താൻ ഫുഡ് സേഫ്റ്റി, ലീഗൽ മെട്രോളജി, റവന്യൂ, പൊലീസ് എന്നിവയുടെ സംയുക്ത സ്‌ക്വാഡ് രൂപീകരിച്ചു.

കെഎസ്ആർടിസിക്ക്‌ 64 ബസുകൂടി

കെഎസ്ആർടിസി ചെങ്ങന്നൂർ ഡിപ്പോയിൽ 64 ബസ്‌ സർവീസിനെത്തി. 175 ബസ്, വർക്ക് ഷോപ്പ് ജീവനക്കാരെ നിയോഗിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ 25 ബസ്‌ സർവീസ്‌ നടത്തും. ഡിപ്പോയുടെ ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീർഥാടകർക്ക് വിരിവയ്‌ക്കാൻ സൗകര്യമൊരുക്കി. ചെങ്ങന്നൂർ വഴി പോകുന്ന എല്ലാ ട്രെയിനുകൾക്കും സ്‌റ്റോപ്പ് അനുവദിക്കുന്നതിനും കോട്ടയംവരെ എത്തുന്ന ട്രെയിനുകൾ കൊല്ലത്തേക്കോ, തിരുവനന്തപുരത്തേക്കോ നീട്ടുന്നതിന്‌ നപടി സ്വീകരിക്കാനും റെയിൽവേയോട് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home