വൃത്തിയുടെ സൈന്യം

കാഞ്ഞങ്ങാട് ‘പ്ലാസ്‌റ്റിക് ബല്ലാത്ത പൊല്ലാപ്പായിരുന്നു. ഹരിതകർമസേനക്കാര് വരാൻ തുടങ്ങിയതോടെ എല്ലാടത്തും നല്ല പാങ്ങായി. അമ്പതുറുപ്യ നൽകിയാലെന്താ. എല്ലാടവും വൃത്തിയായില്ലേ’– ഉദയംകുന്നിലെ പി നാരായണിയുടെ വാക്കുകളിൽ ഹരിതകർമസേനയുടെ നിർമലമായ പ്രവൃത്തിയുടെ മൂല്യം തെളിയുന്നുണ്ട്. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴയത്തും പ്ലാസ്റ്റിക് ചാക്കുകെട്ടുമായി വീട്ടുമുറ്റത്തെത്തുന്ന ഹരിതകർമസേനക്ക് ഏറ്റവും കൂടുതൽ വളണ്ടിയർമാരുള്ള യൂണിറ്റാണ് കാഞ്ഞങ്ങാട് നഗരസഭ. ഏറ്റവും കൂടുതൽ അജൈവ മാലിന്യം ശേഖരിക്കുന്നതും കാഞ്ഞങ്ങാട് നിന്നാണ്. ദിനംപ്രതി ആറ് ടൺ അജൈവ മാലിന്യമാണ് ഇവർ ശേഖരിക്കുന്നത്. അജൈവ മാലിന്യം സംഭരിച്ച് വേർതിരിക്കുന്ന കുരീപ്പുഴയിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിൽ (ആർആർഎഫ്) കേന്ദ്രത്തിലെ കണക്കാണിത്. ഇതിന് പുറമെ മൂന്ന് എംസിഎഫ് യൂണിറ്റുകൾ ചെമ്മട്ടം വയലിലുണ്ട്. നാല് ബെയിലിങ് മെഷീനുകൾ, സോർട്ടിങ് ടേബിൾ, ട്രോളി, ഓഫീസ് സൗകര്യം, ഡസ്റ്റ് റിമൂവർ എന്നീ സൗകര്യങ്ങളാണ് ആർആർഎഫിലുള്ളത്. ഒരു ടിപ്പർ, രണ്ട് പിക്‌അപ്പ് വാനുകൾ, മൂന്ന് ഇലക്ട്രിക് ഓട്ടോ ഉൾപ്പെടെ അഞ്ച് വാഹനങ്ങളും മാലിന്യ സംസ്‌കരണത്തിനായി പ്രവർത്തിക്കുന്നു. ഹരിതകർമസേനയ്ക്ക് ആയിരം സ്റ്റീൽ പാത്രങ്ങളും രണ്ടായിരം സ്റ്റീൽ ഗ്ലാസും നഗരസഭ നൽകിയിരുന്നു. ഇവ പൊതുജനങ്ങൾക്ക് വാടകയ്ക്ക് നൽകി സേനാംഗങ്ങൾക്ക് അധിക വരുമാനവും ഉറപ്പുവരുത്താനായെന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത പറഞ്ഞു. ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ് മുഖേനയാണ് സേവനം. സേനാംഗങ്ങളുടെ പ്രവർത്തന മികവിനുള്ള അംഗീകാരമായി വിമാനയാത്ര ഉൾപ്പെടെയുളള വിനോദയാത്രയും ഒരുക്കി. ഇനോക്കുലം നിർമാണത്തിലും പരിശീലനം നൽകി. ക്ലീൻ കാഞ്ഞങ്ങാട് പദ്ധതിയുടെ ഭാഗമായി സ്നേഹാരാമം നിർമിക്കുന്നതിലും സജീവമായി പ്രവർത്തിച്ചത് ഹരിത കർമസേനാംഗങ്ങളാണ്.









0 comments