സമയ വേഗങ്ങളെ മാറൂ; ചാലുകീറി ചുണ്ടപ്പട വരുന്നു


ഫെബിൻ ജോഷി
Published on Aug 30, 2025, 02:05 AM | 1 min read
ആലപ്പുഴ
ആദ്യ പ്രധാനമന്ത്രി നെഹ്‌റു കൈയൊപ്പിട്ട കിരീടം ചൂടുന്ന ജലരാജാവാരാണെന്നറിയാൻ എല്ലാ കണ്ണുകളും വീണ്ടും പുന്നമടയിലേക്ക്. ജലരാജക്കാന്മാരുടെ ത്രസിപ്പിക്കുന്ന തേരോട്ടത്തിൽ വിജയികളെ ശനി വൈകിട്ടറിയാം. 21 ചുണ്ടനും 50 ചെറുവള്ളവും ഉൾപ്പെടെ 71 വള്ളമാണ് ഇക്കുറി നെഹ്‌റുട്രോഫിയിൽ മത്സരിക്കുക. ഇരുട്ടുകുത്തി എ വിഭാഗത്തിൽ അഞ്ചും ബി വിഭാഗത്തിൽ 18 ഉം സിയിൽ 14 ഉം ചുരുളൻ –- മൂന്ന്, വെപ്പ് എ – --അഞ്ച്, വെപ്പ് ബി- –- മൂന്ന്, തെക്കനോടി തറ- – -ഒന്ന്, തെക്കനോടി കെട്ട് –-ഒന്ന് എന്നിങ്ങനെയാണ് വള്ളങ്ങൾ. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഒൗദ്യോഗിക ഉദ്‌ഘാടനത്തിന്‌ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങൾ. പിന്നീട് ചെറുവള്ളങ്ങളുടെ ഫൈനലും ശേഷം നെട്ടായത്തിൽ തീപടർത്തി ചുണ്ടൻവള്ളങ്ങളുടെ ഫൈനൽമത്സരവും നടക്കും. ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിൽ ആറ് ഹീറ്റ്‌സ് ഉണ്ട്. ആദ്യ നാല് ഹീറ്റ്‌സിൽ നാല് വീതം വള്ളവും അഞ്ചാമത് മൂന്ന് വള്ളവും ആറാമത് രണ്ടുവള്ളവും മത്സരിക്കും. മികച്ച സമയംകുറിച്ച് ആദ്യമെത്തുന്ന നാല് വള്ളമാണ് ഫൈനൽ പോരാട്ടത്തിനിറങ്ങുക. ചെറുവള്ളങ്ങളുടെ വിഭാഗങ്ങളിൽ ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. ഫ-ിനിഷിങ് പോയിന്റിൽ തൊടുന്ന വള്ളങ്ങളുടെ സ്ഥാനക്രമം അനുസരിച്ച് സമയം കൃത്യമായി സ്‌ക്രീനിൽ പ്രദർശിപ്പിക്കും. സമയം മിനിട്ടിനും സെക്കൻഡിനും ശേഷം മില്ലി സെക്കൻഡായി നിജപ്പെടുത്തും. ഒരേസമയം ഒന്നിലേറെ വള്ളങ്ങൾ ഫിനിഷ് ചെയ്‌താൽ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്‌ചയിക്കും, ജേതാക്കൾക്ക് ആറുമാസംവീതം ട്രോഫി കൈവശംവയ്‌ക്കാം. ആദ്യം ആർക്കെന്ന് നറുക്കെടുപ്പിലൂടെ തീരുമാനിക്കും.









0 comments