ആലപ്പുഴ കൈനകരിയില്‍ ആദ്യമത്സരം
ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 19ന് തുടക്കം; ഇക്കുറി 14 മത്സരങ്ങൾ

ആലപ്പുഴ
സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം എഡിഷന് 19ന് ആലപ്പുഴ കൈനകരിയില്‍ തുടക്കം. 14 മത്സരങ്ങളുള്ള സിബിഎൽ ഡിസംബര്‍ ആറിന് കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫിയോടെ സമാപനമാകും. കോട്ടയം താഴത്തങ്ങാടി, എറണാകുളം ജില്ലയിലെ പിറവം, മറൈന്‍ ഡ്രൈവ്, തൃശ്ശൂര്‍ കോട്ടപ്പുറം, ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കൊല്ലം ജില്ലയിലെ കല്ലട എന്നിവിടങ്ങള്‍ക്കൊപ്പം ഇക്കുറി വടക്കന്‍ കേരളത്തില്‍ കാസര്‍ഗോഡ് ചെറുവത്തൂര്‍, കണ്ണൂര്‍ ധര്‍മ്മടം, കോഴിക്കോട് ബേപ്പൂര്‍ എന്നിവിടങ്ങളിലും മത്സരങ്ങളുണ്ട്. കാസര്‍കോഡ് ആദ്യമായാണ് സിബിഎല്ലിന് വേദിയാകുന്നത്. കഴിഞ്ഞ നാല് സീസണിലും പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് വിജയികളായത്. അഞ്ചാം സീസണില്‍ തുഴയ്ക്ക് തീപിടിക്കുന്ന മത്സരങ്ങളാണ് വള്ളംകളി ലോകം പ്രതീക്ഷിക്കുന്നത്. വള്ളംകളിയുടെ പ്രശസ്തിയെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് രാജ്യാന്തര തലത്തിലേക്കുയര്‍ത്തിയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആദ്യ സീസണില്‍ നിന്ന് നാലാം സീസണിലേക്കെത്തിയപ്പോള്‍ ആരാധകവൃന്ദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സിബിഎല്‍ വേദികളിലേക്കെത്തുന്നുണ്ട്. ഇത് വര്‍ധിപ്പിക്കുകയാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യമന്നും മന്ത്രി പറഞ്ഞു. ലീഗിന്റെ വിപുലമായ നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാനതല സംഘാടക സമിതി യോഗം തിങ്കൾ പകൽ ടൂറിസം സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടക്കും. സിബിഎല്ലിന്റെ നടത്തിപ്പിന് സിബിഎല്‍ ലിമിറ്റഡ് രൂപീകരിച്ചിരുന്നു. മാര്‍ക്കറ്റിങ്, സ്പോണ്‍സര്‍ഷിപ്പ് എന്നിവയ്ക്കായി ഗില്‍ട്രിക്സ് ഏജന്‍സി എന്ന അഡ്വൈസറെ തെരഞ്ഞെടുത്തിട്ടുണ്ട്. സ്പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ക്കായി 9633757515 എന്ന നമ്പറില്‍ ബന്ധപ്പെടുക.









0 comments