പുതിയ മൃഗാശുപത്രി കെട്ടിടം നാടിന്

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പുതിയ മൃഗാശുപത്രി കെട്ടിടം മൃഗസംരക്ഷണമന്ത്രി ജെ ചിഞ്ചുറാണി ഓൺലൈനായി ഉദ്ഘാടനംചെയ്യുന്നു
തകഴി
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പുതിയ മൃഗാശുപത്രി കെട്ടിടം നാടിന് സമർപ്പിച്ചു. മന്ത്രി ജെ ചിഞ്ചുറാണി ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. രണ്ടുനിലയിലായി 181 ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണമുള്ള കെട്ടിടം മൃഗസംരക്ഷണവകുപ്പ് പദ്ധതി വിഹിതത്തിൽനിന്ന് അനുവദിച്ച 43 ലക്ഷം രൂപയും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതമായ 25 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിർമിച്ചത്. മൂന്ന് ഡോക്‌ടർമാർ, രണ്ട് ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്‌ടർമാർ, ഒരു ലാബ് ടെക്‌നീഷ്യൻ, രണ്ട് അറ്റൻഡർ തുടങ്ങിയവരുടെ സേവനം ഇവിടെ ലഭിക്കും. മൃഗാശുപത്രി ലാബിൽ രക്തം, മൂത്രം, മലം, പാൽ എന്നിവ പരിശോധിക്കാന്‍ കഴിയും. രാത്രി സമയത്തും അടിയന്തര സേവനങ്ങൾ ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി അധ്യക്ഷയായി. വൈസ്‌പ്രസിഡന്റ് എം എസ് ശ്രീകാന്ത്, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി ജി ജലജകുമാരി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷീല സജീവ്, ജയശ്രീ വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീദേവി രാജേന്ദ്രൻ, ആനി ഈപ്പൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഫില്ലമ്മ ജോസഫ്, പഞ്ചായത്തംഗം സജി ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി വി അരുണോദയ, സീനിയർ വെറ്ററിനറി സർജൻ ഡോ. കെ സിന്ധു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാജുമോൻ പത്രോസ് തുടങ്ങിയവർ പങ്കെടുത്തു.
നടപ്പാക്കിയത് 77 കോടിയുടെ പാക്കേജ്: മന്ത്രി ചിഞ്ചുറാണി
തകഴി
മൃഗസംരക്ഷണ വകുപ്പ് 77 കോടി രൂപയുടെ ജീവനോപാധി പാക്കേജാണ് നടപ്പാക്കിയതെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പുതിയ മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും രാത്രികാല മൃഗചികിത്സാ സേവനം, 76 ബ്ലോക്കിൽ മൊബൈൽ വെറ്ററിനറി സേവനം എന്നിവ നടപ്പാക്കി. 12 ജില്ലയിൽ മൊബൈൽ സർജറി യൂണിറ്റുകൾ ആരംഭിച്ചു. വിളിപ്പുറത്ത് സേവനം നൽകുന്നതിന് കേന്ദ്രീകൃത കോൾ സെന്റർ (1962) സംവിധാനം നടപ്പാക്കി. ഫാം ലൈസൻസി ചട്ടങ്ങൾ കർഷകസൗഹൃദമായി പരിഷ്‌കരിച്ചതും ഇക്കാലത്താണ്. 10 പശുക്കൾവരെ വളർത്തുന്നതിന് ലൈസൻസ് ആവശ്യമില്ല. കേന്ദ്ര, -സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്ന ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി പ്രകാരം രണ്ടരലക്ഷത്തോളം പ്രജനന യോഗ്യമായ കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനും 7000 ക്ലെയിമുകൾ തീർപ്പാക്കി കർഷകർക്ക് ധനസഹായം നൽകുന്നതിനും സാധിച്ചു. ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രീമിയം ഈടാക്കി കന്നുകാലി ഇൻഷുറൻസ് പദ്ധതി ഈ മാസംമുതൽ യാഥാർഥ്യമാകുകയാണെന്നും മന്ത്രി പറഞ്ഞു.









0 comments