6 ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ട്രെയ്സബിലിറ്റി
ശുദ്ധമാക്കും ‘ജീവധാര’ സേഫാകും രക്തദാനം

നെബിൻ കെ ആസാദ്
Published on Jul 07, 2025, 02:44 AM | 1 min read
ആലപ്പുഴ
ദാതാവിൽനിന്ന് ശേഖരിച്ച രക്തം കൂടുതൽ സുരക്ഷിതമായും സുഗമമായും രോഗികളിലെത്തിക്കാനുള്ള ബ്ലഡ് ബാങ്ക് ട്രെയ്സബിലിറ്റി പദ്ധതിക്ക് ജില്ലയിൽ തുടക്കം. രക്തം എടുക്കുന്നതുമുതൽ രക്തബാഗിലെ താപനില അളവ് ഉറപ്പാക്കുന്നതുൾപ്പെടെ സംവിധാനങ്ങളാണ് ആറ് കേന്ദ്രത്തിലായി സജ്ജമാക്കുക. ആരോഗ്യസ്ഥാപനങ്ങൾ രക്തദാനകേന്ദ്രം (ബിസിസി), രക്തസംഭരണകേന്ദ്രം (ബിഎസ്‌സി) എന്നിവയായി പ്രവർത്തിക്കും. ആലപ്പുഴ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറൽ ആശുപത്രി, ഗവ. മെഡിക്കൽ കോളേജ്, മാവേലിക്കര ജില്ലാ ആശുപത്രി എന്നിവ രക്തദാനകേന്ദ്രങ്ങളാകും. ചേർത്തല, കായംകുളം താലൂക്ക് ആശുപത്രികൾ രക്തസംഭരണ കേന്ദ്രങ്ങളാണ്. മാവേലിക്കര, ചേർത്തല, കായംകുളം കെട്ടിടങ്ങളുടെ അവസാനവട്ട പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കെ ഡിസ്‌ക് സംഘം ഫെബ്രുവരി, മാർച്ച് മാസത്തിൽ ആശുപത്രികൾ സന്ദർശിച്ചിരുന്നു. ജനറൽ ആശുപത്രിക്കും ലഭിച്ചതോടെ നാല് രക്‌തദാനകേന്ദ്രത്തിനും ലൈസൻസായി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ബ്ലഡ് ട്രാൻസ്-ഫ്യൂഷൻ കൗൺസിൽ, ഇ–-ഹെൽത്ത് എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കെ ഡിസ്‌കാണ് സാങ്കേതിക സഹായം.
സുഗമമാക്കാൻ ആപ്പും പോർട്ടലും
രക്തബാങ്കിലെ പൂർണവിവരങ്ങൾ അടങ്ങിയ ബ്ലഡ് ബാങ്ക് ട്രെയ്സബിലിറ്റി ആപ്ലിക്കേഷൻ പുറത്തിറക്കും. രക്തം ശേഖരിക്കുന്നതുമുതൽ നൽകുന്നതുവരെ കാര്യങ്ങൾ ഡിജിറ്റലാക്കി എളുപ്പവും സുതാര്യവുമാക്കുകയാണ് ലക്ഷ്യം. രക്തബാഗിലെ താപനിലയിൽ വ്യതിയാനമുണ്ടായാൽ മെഡിക്കൽ ഓഫ ീസർക്കും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്-ഫ്യൂഷൻ കൗൺസിൽ ഉദ്യോഗസ്ഥർക്കും അപായസന്ദേശം പോകുന്ന സംവിധാനമുണ്ടാകും. രക്തം ഉപയോഗിക്കുന്നതിന് മുമ്പ് നശിച്ചുപോകുന്ന സാഹചര്യം കുറയ്‌ക്കാൻ ഇതിലൂടെ കഴിയും. മൂന്നുമാസം പൂർത്തിയാകാതെ വീണ്ടും രക്തദാനത്തിനൊരുങ്ങുന്നവരെ കണ്ടുപിടിക്കാനും ബ്ലഡ് ബാങ്ക് ട്രെയ്സബിലിറ്റിയിലൂടെ സാധ്യമാകും. രക്തദാനം പ്രോത്സാഹിപ്പിക്കുകയും എൻജിഒകൾ, സംഘടനകൾ, വിദ്യാർഥി സംഘടനകൾ എന്നിവരെ ഏകോപിപ്പിച്ച് ജീവധാര സിറ്റിസൺ പോർട്ടലും ലഭ്യമാക്കും. അപൂർവ രക്തഗ്രൂപ്പ് ആവശ്യമുള്ളവർക്കടക്കം ഏത് ബാങ്കിലാണ് ലഭ്യതയെന്ന് ഇതിലൂടെ അറിയാനാകും.







0 comments