ശുചിത്വസാഗര സുന്ദരതീരം: ആലപ്പുഴ നഗരസഭ ഒന്നാമത്

ആലപ്പുഴ
ഫിഷറീസ്‌വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ശുചിത്വ സാഗരം സുന്ദര തീരം’ ഏകദിന പ്ലാസ്‌റ്റിക് നിർമാർജനയജ്ഞത്തില്‍ ആലപ്പുഴ നഗരസഭയ്‌ക്ക് ജില്ലയിൽ ഒന്നാംസ്ഥാനം. കൊട്ടാരക്കര സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാനില്‍നിന്ന് നഗരസഭാധ്യക്ഷ കെ കെ ജയമ്മ പുരസ്‌കാരം ഏറ്റുവാങ്ങി. നഗരസഭാപരിധിയില്‍ മംഗലം ബീച്ച്, കാഞ്ഞിരംചിറ, ബിഷപ് ഹൗസിന് സമീപം, ഹോമിയോ ആശുപത്രിക്ക് സമീപം, ഇഎസ്ഐ, വാടയ്‌ക്കല്‍ എന്നീ ആറ് കേന്ദ്രത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും 1680 കിലോ ഗ്രാം പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ നീക്കുകയുംചെയ്‌തു. നഗരസഭാ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ എ എസ് കവിത, കൗണ്‍സിലര്‍മാരായ ഹെലന്‍ ഫെര്‍ണാണ്ടസ്, മേരിലീന, പ്രഭ ശശികുമാര്‍, ഫിഷറീസ് എക്‌സ്‌റ്റന്‍ഷന്‍ ഓഫീസര്‍ ബാലുശേഖര്‍, കോ–-ഓര്‍ഡിനേറ്റര്‍ ഷീന സജി എന്നിവര്‍ ഒപ്പമുണ്ടായി. ജില്ലയില്‍ ചേര്‍ത്തല തെക്ക് പഞ്ചായത്തിനാണ് രണ്ടാംസ്ഥാനം. ആലപ്പുഴ നഗരസഭ ബഹുജന പങ്കാളിത്തോടെ നടത്തിയ കാമ്പയിനില്‍ ജനപ്രതിനിധികള്‍, എസ്ഡി കോളേജ്, സെന്റ് ജോസഫ് കോളേജ് എന്‍എസ്എസ് വളന്റിയര്‍മാര്‍, സ്‌റ്റുഡന്റ് പൊലീസ്, കുടുംബശ്രീ അംഗങ്ങള്‍, കാന്‍ ആലപ്പി, ഹരിതകര്‍മസേനാംഗങ്ങള്‍, തൊഴിലുറപ്പുതൊഴിലാളികള്‍, ശുചീകരണത്തൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍, യുവജനസംഘടനകള്‍ തുടങ്ങിയവര്‍ ക്യാമ്പയിനിന്റെ ഭാഗമായിരുന്നു.









0 comments