സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മോഷണശ്രമം

വിരലടയാള വിദഗ്ധരും ഡോഗ്സ്കോഡും രാമങ്കരിയിൽ എത്തിയപ്പോൾ
മങ്കൊമ്പ്
രാമങ്കരിയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മോഷണശ്രമം. മുത്തൂറ്റ് ഫിനാൻസ് രാമങ്കരി ശാഖയിൽനിന്ന് സ്വർണാഭരണങ്ങളും പണവും കവരാനുള്ള മോഷ്ടാക്കളുടെ ശ്രമം അപായ സൈറൺ മുഴങ്ങിയതോടെ വിഫലമായി. രാമങ്കരി പാലത്തിന് പടിഞ്ഞാറുവശത്ത് ദീപ്തി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ശാഖയിൽ വെള്ളി രാത്രി 12.30നായിരുന്നു സംഭവം. വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ ലോക്കർ തുറക്കാൻ ശ്രമിക്കുന്നതിനിടെ ബാങ്കിനുള്ളിലും എറണാകുളം ഹെഡ് ഓഫീസിലും ഒരേപോലെ അപായമണി മുഴങ്ങി. തുടർന്ന് അധികൃതർ രാമങ്കരി പൊലീസിന് വിവരം അറിയിച്ചു. ഈ സമയം തൊട്ടടുത്ത മാമ്പുഴക്കരി ജങ്ഷനിൽ പട്രോളിങ് നടത്തിയിരുന്ന ഹൈവേ പൊലീസ് ഇവിടേക്ക് എത്തിയെങ്കിലും മോഷ്ടാക്കൾ ഉടൻ ടൂവീലറിൽ രക്ഷപ്പെട്ടിരുന്നു. ശനിയാഴ്ച ആലപ്പുഴയിൽനിന്ന് വിരലടയാളവിദഗ്ധരും ഡോഗ്സ്കോഡും സ്ഥലത്തെത്തി. സിസിടിവി ഉൾപ്പെടെ പരിശോധിച്ചു തെളിവുകൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.









0 comments