സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി
അധികമായി 98 കോടികൂടി

മങ്കൊമ്പ്
സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയിലെ മൂന്ന് പാക്കേജുകളുടെ പൂർത്തീകരണത്തിന് മന്ത്രിസഭായോഗം അധികമായി 98 കോടിരൂപ കൂടി അനുവദിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു. കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടത്തിലെ പാക്കേജ് അഞ്ചിൽ ഉൾപ്പെടുന്ന മുട്ടാർ, വെളിയനാട്, നീലംപേരൂർ പഞ്ചായത്തുകളിൽ ഉന്നത ജലസംഭരണികളുടെ നിർമാണത്തിനും വിതരണശൃംഖല സ്ഥാപിക്കക്കാനും നിലവിലുള്ള ജലസംഭരണികളുടെ പുനരുദ്ധാരണത്തിനും 52,92,84,964 രൂപ അനുവദിച്ചു. പാക്കേജ് ഏഴിലെ രാമങ്കരി, ചമ്പക്കുളം എന്നിവിടങ്ങളിൽ ഓവർഹെഡ് ടാങ്കിന്റെയും വിതരണശൃംഖലയുടെയും നിർമാണം, രാമങ്കരി ഓവർഹെഡ് ടാങ്ക് സൈറ്റിൽ ഓൺലൈൻ ക്ലോറിൻ ബൂസ്റ്റർ, രാമങ്കരിയിൽ നിലവിലുള്ള ഓവർ ഹെഡ് ടാങ്കിന്റെ പുനരുദ്ധാരണം, പൈപ്പ്‌ലൈൻ സ്ഥാപിക്കൽ എന്നിവയ്‌ക്കായി 39,33,24,091 രൂപയും രണ്ടാംഘട്ടത്തിലെ പാക്കേജ്- ഒമ്പതിലെ വീയപുരം പഞ്ചായത്തിലെ ഉന്നതതല ജലസംഭരണിയുടെ നിർമാണം, സ്‌റ്റാഫ് ക്വാർട്ടേഴ്സ്, എടത്വയിൽ ഓഫീസ് കെട്ടിടം എന്നിവയുടെ നിർമാണം,- പൈപ്പ് ലൈൻ സ്ഥാപിക്കൽ എന്നിവയ്‌ക്കായി 5,90,70,537 രൂപയുമാണ് അനുവദിച്ചത്. ഇതിന്റെ ടെൻഡർ നടപടികൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. പുതുക്കിയ തുക അനുവദിക്കണമെന്ന ആവശ്യത്തിനാണ് ഇപ്പോൾ അംഗീകരിച്ചത്. ഒമ്പത് പാക്കേജിലായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടത്തിലുള്ള നിർമാണം അതിവേഗം പുരോഗമിക്കുന്നതായും എംഎൽഎ പറഞ്ഞു. എല്ലാ പാക്കേജുകളുടെയും ടെൻഡർ പൂർത്തിയായതായും അധികതുക അനുവദിച്ചതോടെ രണ്ടാം ഘട്ടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.









0 comments