കയറ്റുമതി 20 കോടിയിലധികം
വീണ്ടും ലാഭം നെയ്‌ത് ആലപ്പുഴ സ്‌പിന്നിങ് മില്‍

കായംകുളം
അടഞ്ഞുകിടന്ന കാലം കഴിഞ്ഞു. വീണ്ടും പ്രവർത്തനലാഭത്തിന്റെ നെറുകയിൽ കരീലക്കുളങ്ങരയിലെ ആലപ്പുഴ സഹകരണ സ്‌പിന്നിങ് മില്‍. ഈ വര്‍ഷം ആകെ 21.64 ലക്ഷം രൂപയാണ് പ്രവര്‍ത്തനലാഭം. 2021ല്‍ ആധുനികവല്‍ക്കരണം പൂര്‍ത്തിയാക്കി സ്‌പിന്റില്‍ സ്ഥാപിതശേഷി 12,096 ല്‍നിന്ന് 25,200 ആക്കി ഉയര്‍ത്തിയിരുന്നു. ഉൽപ്പാദനശേഷികൂടിയ ആധുനികയന്ത്രങ്ങളും സ്ഥാപിച്ചു. കേരളത്തിലെ സ്‌പിന്നിങ് മില്ലുകളില്‍ ആദ്യമായി ഐഎസ്‌ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയതും ആലപ്പുഴ തന്നെ. ഇതോടെ വിദേശകയറ്റുമതിയും ആരംഭിച്ചു. 20 കോടിയിലധികം രൂപയുടെ കയറ്റുമതിയുണ്ടായി. സര്‍ക്കാരിന്റെ സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി പോളിസ്‌റ്റര്‍-കോട്ടണ്‍ നൂല്‍ ഉൽപ്പാദിപ്പിക്കുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിച്ച കോട്ടണ്‍ ബോര്‍ഡ് വഴി അസംസ്‌കൃത വസ്‌തുക്കളായ പോളിസ്‌റ്ററും കോട്ടണും നിര്‍ലോഭം ലഭിക്കുന്നതും മില്ലിന്റെ പ്രവര്‍ത്തനത്തിന് ഉൗർജമായി. 2013ന് മുന്പ് 84 ദിവസത്തോളം മില്‍ പ്രതിസന്ധിയിലായി അടഞ്ഞുകിടന്ന കാലമൊക്കെ കഴിഞ്ഞുപോയി. മാനേജ്‌മെന്റിന്റെയും ട്രേഡ് യൂണിയനുകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിൽ മിൽ അനുദിനം മുന്നേറി. മില്ലിന്റെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ ലാഭം ലഭിക്കുന്ന സാമ്പത്തിക വര്‍ഷമായി 2025–-26 മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ നൂല്‍ ഉൽപ്പാദനത്തിന് പുറമെ മൂല്യവര്‍ധിത ഉൽപ്പന്നങ്ങള്‍ കൂടി ഉൽപ്പാദിപ്പിക്കുന്നതിന് തയ്യാറെടുപ്പിലാണ് മിൽ ഇപ്പോൾ. ഇതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനാകും. എ മഹേന്ദ്രനാണ് ആലപ്പുഴ സ്‌പിന്നിങ് മിൽ ചെയർമാൻ.









0 comments