പ്രതീക്ഷയോടെ സഞ്ചാരികളുടെ പറുദീസ

ആലപ്പുഴ
നെഹ്‌റുട്രോഫി ആലപ്പുഴയുടെ ജലോത്സവം മാത്രമല്ല, ടൂറിസം സീസണ് ആരംഭം കുറിക്കലുമാണ്. കായൽ ടൂറിസത്തിന് പേരുകേട്ട ആലപ്പുഴയ്‌ക്ക് കഴിഞ്ഞ സീസൺ അത്ര നന്നായിരുന്നില്ല. വിമാനനിരക്ക് കുതിച്ചുയർന്നതിനാൽ വടക്കേ ഇന്ത്യയിൽനിന്നുള്ള സഞ്ചാരികളുടെ വരവ് കുറവായിരുന്നു. ഇത്തവണ അത് മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് പുരവഞ്ചി ഉടമകൾ. നെഹ്‌റുട്രോ-ഫി കാണാനും അതിനുശേഷം നഗരത്തിൽ തങ്ങി കായൽ ടൂറിസം ആസ്വദിക്കാനും ലക്ഷ്യമിടുന്ന സഞ്ചാരികളുടെ വരവ് ഇക്കുറി വർധിക്കുമെന്നാണ് പ്രതീക്ഷ. അവധിദിവസങ്ങളിൽ മോശമല്ലാത്ത ബുക്കിങ് ലഭിക്കുന്നുണ്ട്. സ്വാതന്ത്ര്യദിനത്തിലും പുരവഞ്ചികൾക്ക് നല്ല ബുക്കിങ്ങുണ്ടായി. ഇത് നല്ല സൂചനയാണെന്ന് പുരവഞ്ചിയുടമകൾ പറയുന്നു. ഇങ്ങനെയാണെങ്കിൽ കൂടുതൽ സഞ്ചാരികൾ എത്തും. ഇത് പുരവഞ്ചികൾക്ക് മാത്രമല്ല. ഹോട്ടലുകൾ, ഹോം സ്‌റ്റേകൾ, റെസ്‌റ്റോറന്റുകൾ തുടങ്ങിയവയ്‌ക്കും നല്ലതാണ്. സഞ്ചാരികൾക്ക് പുതിയ ടൂറിസം പാക്കേജുകളുമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ഒരുങ്ങുന്നുണ്ട്. ആലപ്പുഴയിൽ എത്തുന്നവരെ കേരളത്തിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലേക്കുകൂടി കൊണ്ടുപോകുകയാണ് ലക്ഷ്യം. ഇതിന് പാക്കേജുകൾ ഒരുങ്ങുന്നു. ബജറ്റ് ടൂറിസവുമായി കെഎസ്‌ആർടിസിയും തയ്യാറാകുകയാണ്.









0 comments