ഓഹരിവിപണന തട്ടിപ്പ്
പ്രൊഫസറിൽനിന്ന് തട്ടിയത് 9.45 ലക്ഷം; പ്രതി പിടിയിൽ

മഹേശ്വരി മനീഷ് ദേവ്ജിഭായി
ആലപ്പുഴ
ഓൺലൈൻ ഓഹരിവിപണന കമ്പനിയുടെ പേരിൽ പ്രൊഫസറിൽനിന്ന് 9.45 ലക്ഷം തട്ടിയ കേസിൽ ഗുജറാത്ത് സ്വദേശി പിടിയിൽ. കച്ച് ജില്ലയിലെ ഗാന്ധിധാം സ്വദേശി മഹേശ്വരി മനീഷ് ദേവ്ജിഭായി (21) യെ ആണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശിയായ പരാതിക്കാരിയിൽനിന്ന് പണം അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് മനീഷ്. മാർച്ചിൽ പരാതിക്കാരി ഫേസ്ബുക്ക് അക്കൗണ്ടിൽ കണ്ട പരസ്യത്തിലെ ലിങ്ക് വഴി ഓഹരിവിപണന കമ്പനിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തു. തുടർന്ന് കമ്പനിയുടെ പ്രതിനിധിയാണെന്ന പേരിൽ ബന്ധപ്പെട്ടാണ് തട്ടിപ്പുകാർ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുവാങ്ങിയത്. അയച്ച പണം വ്യാജ വെബ്സൈറ്റിൽ ലാഭം പ്രദർശിപ്പിച്ച് വിശ്വസിപ്പിച്ചാണ് തട്ടിപ്പു തുടർന്നത്. ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ 1930 എന്ന ടോൾഫ്രീ നമ്പറിൽ പരാതിപ്പെട്ടു. ആലപ്പുഴ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാല് ലക്ഷത്തോളം രൂപ തിരിച്ചു പിടിച്ചെടുത്തിരുന്നു. ഇതിൽ 2.37 ലക്ഷം രൂപ പരാതിക്കാരിക്ക് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം തിരികെ ലഭിച്ചു. സുഹൃത്ത് സുഹൈൽ താക്കർ എന്നയാളുടെ നിർദ്ദേശപ്രകാരമാണ് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണമയച്ചു വാങ്ങിയതെന്നും ഇതിനായി കമീഷൻ കിട്ടിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.









0 comments