പത്തിശേരിയിൽ 3 വീട് അപകടമുനമ്പിൽ

കടലെടുക്കുന്ന ജീവിതങ്ങൾ... തൃക്കുന്നപ്പുഴ പത്തിശേരിയിൽ സിന്ധുഭവനത്തിൽ ദിലീപിന്റെ വീടിന്റെ അടിത്തറ തിരയെടുക്കുന്നത് നോക്കിനിൽക്കുന്ന ഭാര്യ ബിന്ദു ഫോട്ടോ: കെ എസ് ആനന്ദ്

സ്വന്തം ലേഖകൻ
Published on May 26, 2025, 12:38 AM | 1 min read
ഹരിപ്പാട്
ആറാട്ടുപുഴ പത്തിശേരി ജങ്ഷനിൽ മൂന്ന് വീട് കടുത്ത കടലാക്രമണ ഭീഷണിയിൽ. വലിയകടവിൽ പടീറ്റതിൽ സദാനന്ദൻ, സിന്ധുഭവനത്തിൽ രാധ, ചാവടി കിഴക്കതിൽ അബ്‌ദുൾ ലത്തീഫ് എന്നിവരുടെ വീടുകൾ ഏത് നിമിഷവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. പഴയ കടൽഭിത്തി ഇടിഞ്ഞുതാണതും അതുവഴി കടൽത്തിരകൾ വീടിന്റെ അടിത്തറയിലെ മണലൊഴുക്കി മാറ്റിയതുമാണ് അപകടഭീഷണിയായത്. രണ്ട് വീടിന്റെയും ശുചിമുറിയും അനുബന്ധഭാഗങ്ങളും കടലാക്രമണത്തിൽ ഉപയോഗശൂന്യമായി. അബ്‌ദുൾ ലത്തീഫിന്റെ വീടിന് പിന്നിൽ മണൽക്കൂന സ്ഥാപിച്ചെങ്കിലും ശക്തമായെത്തുന്ന തിരയിൽ ഇവയടക്കം ഒഴുക്കെടുക്കുകയാണ്. കടൽഭിത്തി ഇല്ലാത്തതിനാൽ തിര നേരിട്ട് വീടുകളുടെ ഭിത്തിയിൽ തട്ടി പലഭാഗത്തും വിള്ളൽ വീണു. സദാനന്ദന്റെ വീടിന്റെ കോവണിയോട് ചേർന്ന ഭാഗത്തെ അസ്ഥിവാരത്തിനടിയിലെ മണൽ തിരയിൽ ഒഴുകിപ്പോയി. അടിത്തറ ദുർബലമായതിനാൽ ആ ഭാഗം ഇടിഞ്ഞുവീഴുന്ന അവസ്ഥയിലാണ്. രാധയുടെ വീടിന്റെ ശുചിമുറിയിൽ മണൽനിറഞ്ഞു. സുരക്ഷിതമല്ലാത്തതിനാൽ ബന്ധുവീട്ടിലേക്ക് മാറേണ്ട സ്ഥിതിയിലാണ് കുടുംബങ്ങൾ. നാൽപ്പത് വർഷം മുമ്പ് സ്ഥാപിച്ച കടൽഭിത്തി തകർന്നതിനാൽ മണൽചാക്ക് നിരത്തണമെന്ന് കലക്‌ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. തൃക്കുന്നപ്പുഴ കോട്ടേമുറി, ആറാട്ടുപുഴ എം ഇ എസ് ജങ്ഷൻ എന്നിവിടങ്ങളിൽ മണൽചാക്ക് അടുക്കി വീടുകളെ സംരക്ഷിച്ചിട്ടുണ്ട്. അതേമാതൃകയിൽ തങ്ങളുടെ വീടുകളും സംരക്ഷിക്കണമെന്നാണ് അബ്‌ദുൾ ലത്തീഫ് പറയുന്നത്.









0 comments