മീൻപിടിത്ത ബോട്ടിന് എൻജിൻ തകരാർ
ആഴക്കടലിൽ കുടുങ്ങിയ 14 പേരെ രക്ഷിച്ചു

ആലപ്പുഴ മാരാരിക്കുളം തീരത്തുനിന്ന് 36 നോട്ടിക്കൽ മൈൽ അകലെ തകരാറിലായ ബോട്ടിൽനിന്ന് ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷിച്ച മത്സ്യ തൊഴിലാളികൾ
ആലപ്പുഴ
ആഴക്കടലിൽ അപകടത്തിൽപ്പെട്ട മത്സ്യബന്ധന ബോട്ടിലെ 14 തൊഴിലാളികളെയും ബോട്ടും ഫിഷറീസ് റെസ്ക്യൂ ബോട്ട് കരയ്‌ക്കെത്തിച്ചു. മാരാരിക്കുളം തീരത്തുനിന്ന് 36 നോട്ടിക്കൽ മൈൽ അകലെ വെള്ളി വൈകിട്ട് 7.30ന് എൻജിൻ തകരാറിലായി ഒഴുകിനടന്ന എറണാകുളം സ്വദേശിയുടെ "ഓഷ്യൻ സ്റ്റാർ’ ബോട്ടിലെ തൊഴിലാളികളെയും ബോട്ടുമാണ് രണ്ടുദിവസതെത ശ്രമത്തിലൂടെ രക്ഷിച്ചത്. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലേക്ക് കൺട്രോൾ റൂമിൽനിന്ന് സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ട് കായംകുളം ഹാർബറിൽനിന്ന് പുറപ്പെട്ട് തകരാറിലായ ബോട്ടിനെ കെട്ടി വലിച്ചു കായംകുളം ഹാർബറിൽ എത്തിച്ചു. ശനി പകൽ 2.30ഓടെ രക്ഷാപ്രവർത്തനം പൂർത്തിയായി. ഫിഷറീസ് ലൈഫ് ഗാർഡുമാരായ ജോർജ്, ജയൻ, സ്രാങ്ക് രഞ്ജൻ, ഡ്രൈവർ വിഭു എന്നിവർ രക്ഷാപ്രവർത്തന സംഘത്തിലുണ്ടായി. മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾ നിയമപരമായി ആവശ്യമുള്ള ലൈഫ് ജാക്കറ്റും തീയണയ്‌ക്കാനുള്ള ഫയർ എസ്‌റ്റിങ്യൂഷറും നിർബന്ധമായും ബോട്ടിൽ കരുതണമെന്ന നിർദേശം ഫിഷറീസ് വകുപ്പ് അധികൃതർ ബോട്ടുടകൾക്ക് നൽകി. സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്ത ബോട്ടുകൾക്കെതിരെ നിയമ നടപടിയുണ്ടാകും.








0 comments