സ്‌ത്രീകളുടെ തിരോധാനം
കിണർ മൂടിയത് പരിശോധിക്കും

ടി പി സുന്ദരേശൻ
ചേര്‍ത്തല
ഏറ്റുമാനൂർ സ്വദേശിനി ജെയ്‌നമ്മയുടെ തിരോധാനക്കേസ് അന്വേഷണത്തിനിടെ പിടിയിലായ ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്‌റ്റ്യന്റെ ചോദ്യംചെയ്യൽ കോട്ടയം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് തുടരുമ്പോൾ വ്യാപക വിവരശേഖരണത്തിലാണ് അന്വേഷകസംഘം. ജെയ്‌നമ്മയെ സെബാസ്‌റ്റ്യന്‍ കൊലപ്പെടുത്തിയതിന് നിർണായകതെളിവ് ലഭിച്ചിട്ടുണ്ട്. പിന്നാലെയാണ് സെബാസ്‌റ്റ്യനെ കൊലക്കുറ്റം ചുമത്തി അറസ്‌റ്റുചെയ്‌തത്. രണ്ടാംഘട്ട തെളിവെടുപ്പിനും ചോദ്യംചെയ്യലിനും കസ്‌റ്റഡിയിൽ വാങ്ങിയെങ്കിലും അന്വേഷണവുമായി സഹകരിക്കാത്ത സമീപനമാണ് ഇയാളുടേത്. സെബാസ്‌റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ മൂന്നുവർഷംമുമ്പ് ഒരു കിണര്‍ മൂടിയെന്ന വിവരം ലഭിച്ചിട്ടുണ്ട്. കോട്ടയം ക്രൈംബ്രാഞ്ച് സംഘം ഇൗ സ്ഥലം അടുത്തദിവസം കുഴിച്ച് പരിശോധിക്കും. സെബാസ്‌റ്റ്യന്റെ സഹോദരന്റെ പേരില്‍ ചേർത്തല നഗരത്തിലുള്ള പുരയിടത്തിലും പരിശോധനയുണ്ടാകും. അതേസമയം ചേർത്തല സ്വദേശിനികളായ ബിന്ദു പത്മനാഭൻ, ഐഷ എന്നിവരുടെ തിരോധാനക്കേസില്‍ പുതുതായൊന്നും ആലപ്പുഴ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല. ബിന്ദു ജീവിച്ചിരിപ്പില്ലെന്നും തിരോധാനത്തിന് പിന്നിൽ സെബാസ്‌റ്റ്യനാണെന്നും വർഷങ്ങൾക്ക് മുമ്പേ അന്വേഷകസംഘം സ്ഥിരീകരിച്ചതാണ്. കൃത്യമായ തെളിവ് ലഭിക്കാത്തതാണ് പ്രതിസന്ധി. ബിന്ദു ജീവിച്ചിരിപ്പില്ലെന്ന് ഉറപ്പിച്ചാണ് അവരുടെ കോടികൾ വിലമതിക്കുന്ന ഭൂമി വ്യാജരേഖയുണ്ടാക്കി സെബാസ്‌റ്റ്യൻ വിറ്റത്. ഐഷയുടെ തിരോധാനത്തിൽ അവരുടെ അടുപ്പക്കാരായ മൂന്ന് സ്‌ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. റോസമ്മ, ലൈല, സുജാത എന്നിവരുടെ മൊഴികള്‍ നിര്‍ണായകമാകും. രണ്ടുപേരെ പ്രാഥമികമായി ചോദ്യംചെയ്‌തു. ജില്ലയ്‌ക്ക് പുറത്തെ മൂന്നാമത്തെയാള്‍ ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ട്. സെബാസ്‌റ്റ്യന്റെ വീട്ടുവളപ്പിൽ രണ്ടുവട്ടം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ അസ്ഥിക്കഷണം സംബന്ധിച്ച നിർണായക ഡിഎൻഎ പരിശോധനാ-ഫലം ലഭിച്ചിട്ടില്ല. ജെയ്‌നമ്മയുടെ മാത്രമല്ല, ബിന്ദു പത്മനാഭന്റെയും ഐഷയുടെയും രക്തസാമ്പിൾ അന്വേഷകസംഘം ശേഖരിച്ചിട്ടുണ്ട്.









0 comments