സ്‌പെഷ്യൽ ഡ്രൈവ്; ഒളിവിൽ കഴിഞ്ഞ 70 പ്രതികളെ പിടികൂടി

ആലപ്പുഴ
എറണാകുളം റെയിഞ്ച് ഡിഐജിയുടെ നിർദേശപ്രകാരം എൽപി വാറന്റ് (ലോങ് പെന്റിങ്) പ്രതികളെ കണ്ടെത്താൻ ജൂൺ 20 മുതൽ 30 വരെ ജില്ലാ പൊലീസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 70 പേർ പിടിയിലായി. ജൂണിൽ നടന്ന തെരച്ചിലിൽ 136 എൽപി വാറന്റ് പ്രതികളെ പിടികൂടി. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നിർദേശപ്രകാരം അഞ്ച് സബ് ഡിവിഷനുകളിലെയും ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കുറച്ച് മാസങ്ങളായി, എൽപി വാറന്റ് പ്രതികളെ കണ്ടെത്താൻ പ്രത്യേക തെരച്ചിൽ നടത്തിയിരുന്നു. 2012ൽ വെൺമണി പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ മൂന്നുമൂലം പറമ്പിൽ വടക്കതിൽ ഷിജുവിനെ വെൺമണി പൊലീസ് 13 വർഷത്തിനുശേഷം അറസ്‌റ്റ് ചെയ്‌തിരുന്നു. കരീലകുളങ്ങര സ്‌റ്റേഷനിൽ 2010, 2013, 2014 കാലഘട്ടങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത അഞ്ച് കേസിലായി 10 വർഷമായി ഒളിവിൽ കഴിഞ്ഞ കാർത്തികപ്പള്ളി ഏവൂർ തെക്ക് മുറി രതീഷ്ഭവനത്തിൽ ഗിരീഷിനെ അടുത്തിടെ പിടികൂടി. കുറത്തികാട് സ്‌റ്റേഷനിൽ 2007ലും 2011ലും രജിസ്‌റ്റർ ചെയ്‌ത കേസുകളിലെ പ്രതികളായ കറ്റാനം വില്ലേജിൽ വെട്ടിക്കാട് മുറിയിൽ വലിയ കുന്നേൽ പുത്തൻവീട്ടിൽ അനീഷ്, തെക്കേക്കര പോനകം മുറിയിൽ ലക്ഷ്‌മിവിഹാറിൽ മനോഹരൻ എന്നിവരെ അടുത്തിടെ പിടികൂടിയിരുന്നു. 14 വർഷമായി ഒളിവിൽ കഴിഞ്ഞ തെക്കേക്കര വാത്തികുളം മുറി സുനീഷ്ഭവനത്തിൽ സുനീഷിനെ കുറത്തികാട് പൊലീസ് ജൂൺ 17ന് അറസ്‌റ്റ് ചെയ്‌തു. മാന്നാറിലെ മോഷണക്കേസിൽ പ്രതി കായംകുളം പുതുപ്പള്ളി കടയ്‌ക്കൽ കാവ് വീട്ടിൽ ശശിധരനെ 35 വർഷത്തിനുശേഷം പിടികൂടി.








0 comments