ഓൺലൈൻ തട്ടിപ്പ് : 10 ലക്ഷം തിരിച്ചുപിടിച്ചു

ആലപ്പുഴ
ഓൺലൈൻതട്ടിപ്പിൽ ആലപ്പുഴ കണ്ടല്ലൂർ സ്വദേശിക്ക് നഷ്ടമായ 10 ലക്ഷം തിരിച്ചെടുത്ത് ആലപ്പുഴ സൈബർ ക്രൈം പൊലീസ്. കഴിഞ്ഞ ജൂണിൽ കണ്ടല്ലൂർ സ്വദേശിയിൽനിന്ന് തട്ടിപ്പ് സംഘം തട്ടിയെടുത്ത 25.5 ലക്ഷം രൂപയിൽനിന്ന് 10.86 ലക്ഷമാണ് പൊലീസ് ഇടപെടലിൽതിരികെ ലഭിച്ചത്. ഓഹരി വിപണിയിൽനിന്ന് വൻ ലാഭമുണ്ടാക്കാമെന്ന പേരിൽ സമൂഹ മാധ്യമം വഴിയാണ് തട്ടിപ്പുകാർ പരാതിക്കാരനെ സമീപിച്ചത്. തുടർന്ന് വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷനിൽ അക്കൗണ്ട് തുടങ്ങിക്കുകയായിരുന്നു. പണം ഇരട്ടിയാക്കാമെന്ന വാഗ്‌ദാനം വിശ്വസിച്ച പരാതിക്കാരൻ പണം നിക്ഷേപിച്ചു. ആപ്പിലെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ഇതേക്കുറിച്ച് അന്വേഷിച്ചു. ഇനിയും 28 ലക്ഷം അയച്ചുതന്നാൽ മുഴുവൻ തിരികെ നൽകാമെന്ന് അറിയിക്കുകയുമായിരുന്നു. തട്ടിപ്പാണെന്ന് മനസിലായതോടെ പരാതിക്കാരൻ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ജൂലൈ 19ന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജിന്റെയും അസി. സബ് ഇൻസ്‌പെക്ടർ എം അജയകുമാറിന്റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പണമിടപാടുകൾ നടത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൻ രഞ്ജിത് കൃഷ്ണൻ വീണ്ടെടുത്ത പണം പരാതിക്കാരന് പണം തിരികെ നൽകാൻ ഉത്തരവിട്ടു. കൂടുതൽ തുക വിവിധ ബാങ്ക് അക്കൗണ്ടുകളിൽ കണ്ടെത്തി മരവിപ്പിച്ചു. ഇത് തിരികെ കിട്ടാനുള്ള കോടതി നടപടി തുടരുന്നു. കേസിൽ പ്രതികളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. തമിഴ്നാട് തിരുനെൽവേലി, മലപ്പുറം കൊണ്ടോട്ടി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രതികളെക്കുറിച്ച് നിർണായക വിവരങ്ങൾ അന്വേഷക സംഘം ശേഖരിച്ചു. ഒരുവർഷത്തിനിടെ വിവിധ കേസുകളിലായി തട്ടിപ്പിലൂടെ നഷ്‌ടമായ 75 ലക്ഷത്തോളം രൂപ ആലപ്പുഴ സൈബർ ക്രൈം പൊലീസ് തിരിച്ചെടുത്തു.









0 comments