കുട്ടനാട് മുങ്ങുന്നു

വെള്ളക്കെട്ടിലായ കിടങ്ങറ -മുട്ടാർ റോഡരികിലെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങുന്നവർ
മങ്കൊമ്പ്
കാലവർഷം ആരംഭിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും പെരുമഴപ്പെയ്ത്തിന് ശമനമില്ല. കുട്ടനാട്, -അപ്പർകുട്ടനാട് മേഖലകൾ വെള്ളത്തിൽ മുങ്ങുന്നു. നദികളിലെ ജലനിരപ്പ് അപകടനിലയിൽ എത്തിയതോടെ ജാഗ്രതാ നിർദേശം നൽകി. ലിങ്ക് റോഡുകളിലെ ബസ് സർവീസുകൾ പലതും നിർത്തി. ഒരു മാസത്തിനുള്ളിൽ നാല് തവണയാണ് കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നത്. കിഴക്കൻവെള്ളത്തിന്റെ വരവും വർധിച്ചു. ഒഴുകിയെത്തുന്ന ജലവും മഴവെള്ളവും കെട്ടിക്കിടന്ന് ജലനിരപ്പ് അടിക്കടി ഉയരുകയാണ്. മുട്ടാർ, തലവടി, വീയപുരം, എടത്വാ, തകഴി, പുളിങ്കുന്ന്, കാവാലം, രാമങ്കരി, കൈനകരി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. തലവടിയിൽ നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി. വീട്ടുകാർ താമസം മാറി. തലവടി കുതിരച്ചാൽ, കുന്നുമ്മാടി പ്രദേശങ്ങളിൽ അമ്പതോളം താമസക്കാർ പ്രതിസന്ധിയിലാണ്. മുട്ടാർ പഞ്ചായത്തിലും ഉൾപ്രദേശങ്ങളിലെ താമസക്കാരും നദീതീരങ്ങളിലെയും പാടശേഖര പുറംബണ്ടുകളിലെ താമസക്കാരും കടുത്ത ദുരിതം അനുഭവിക്കുകയാണ്. മഴ കനത്തതോടെ പമ്പ, മണിമലയാറുകൾക്ക് ജാഗ്രതാനിർദേശം നൽകി. ജലാശയങ്ങൾ മുറിച്ചുകടക്കുന്നതും നീന്തുന്നതും വിലക്കി. നീരേറ്റുപുറം – മുട്ടാർ – കിടങ്ങറ, മിത്രക്കരി – മുട്ടാർ, എടത്വാ –കളങ്ങര – വേഴപ്ര, എടത്വാ- – തായങ്കരി – കൊടുപ്പുന്ന എന്നീ റോഡുകളിലെ കെഎസ്ആർടിസി സർവീസ് നിർത്തി. അമ്പലപ്പുഴ – - തിരുവല്ല സംസ്ഥാനപാതയിൽ നെടുമ്പ്രംഭാഗത്ത് വെള്ളം കയറിയെങ്കിലും സർവീസ് നിർത്തിയിട്ടില്ല.









0 comments