ഹരിപ്പാട് നഗരസഭ
റോഡ് നിർമാണത്തിൽ ക്രമക്കേട്, അഴിമതി

റോഡ് പൊളിച്ചുപണിയുന്നു
ഹരിപ്പാട്
നഗരസഭ മൂന്നാംവാർഡിൽ കരയോഗമന്ദിരം –- അപ്പിയാരേത്ത് റോഡ് നിർമാണത്തിൽ ക്രമക്കേടും അഴിമതിയും കണ്ടെത്തി. പരിശോധനയിൽ അപാകം വെളിവായതോടെ റോഡ് പൊളിച്ചുപണിയുന്നു. മതിയായ അളവിൽ ക്വാറി മക്കുപയോഗിച്ച് റോഡ് ഉയർത്തി ഇന്റർലോക്ക് ഇഷ്‌ടിക നിരത്തുന്നതിലുണ്ടായ പോരായ്‌മയിൽ പലയിടത്തും കോൺക്രീറ്റ് കട്ടകൾ ഇളകിയതോടെ നഗരസഭാ എൻജിനിയറിങ് വിഭാഗത്തിൽ നാട്ടുകാർ നൽകിയ പരാതിയിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് ബോധ്യപ്പെട്ടത്. ഇന്റർലോക്ക് ഇഷ്‌ടികകൾ പൊളിച്ചുമാറ്റി എസ്‌റ്റിമേറ്റ് പ്രകാരം റോഡ് പുനർനിർമിക്കാനാണ് നിർദേശം. നേരത്തെ, ഇന്റർലോക്ക് ചെയ്‌തത് കഴിച്ചുള്ള 30 മീറ്റർ ഭാഗം പൂർത്തീകരിക്കാൻ നഗരസഭ അധികാരികൾ അളവെടുത്തു. പണിയും ആരംഭിച്ചു. എസ്‌റ്റിമേറ്റിൽ പൂർത്തീകരിക്കേണ്ടത് 30 മീറ്ററാണെങ്കിലും 20.5 മീറ്ററേ ഉൾപ്പടുത്തിയുള്ളു. റോഡിന് ഭൂമി വിട്ടുനൽകിയത് പരിസരവാസി അപ്യാരത്ത് രാധാകൃഷ്‌ണൻനായരാണ്. അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന ഭാഗത്ത് 20.5 മീറ്ററാണ് എസ്‌റ്റിമേറ്റിൽ ഉൾപ്പെടുത്തിയത്. ബാക്കി ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നു. നേരത്തെ ഇന്റർലോക്കിട്ട ഭാഗത്തും അപാകംമൂലം കട്ട ഇളകിയിട്ടുണ്ട്. മതിയായ അളവിൽ നിർമാണ സാമഗ്രികൾ ഉപയോഗിക്കാതെ കരാറുകാരൻ നടത്തിയ ക്രമക്കേടിന് വാർഡ് കൗൺസിലറും കൂട്ടുനിന്നതടക്കം വിജിലൻസ് അന്വേഷിക്കണമെന്ന് സിപിഐ എം ഹരിപ്പാട് നഗരസഭ മൂന്നാംവാർഡ് കമ്മിറ്റി സെക്രട്ടറി പി ചന്ദ്രനും ബ്രാഞ്ച് സെക്രട്ടറി പി രാജപ്പനും ആവശ്യപ്പെട്ടു. 30 മീറ്ററും ഇന്റർലോക്കിട്ട് റോഡ് പൂർണമായി സഞ്ചാരയോഗ്യമാക്കാൻ എസ്‌റ്റിമേറ്റിൽ ആവശ്യമായ ഭേഗതി വരുത്തണമെന്നും നിർമാണം പൂർത്തീകരിക്കാൻ അടിയന്തര നടപടി നഗരസഭാ അധികാരികൾ സ്വീകരിക്കണമെന്നും ഇരുവരും പ്രസ്‌താവനയിൽ അഭ്യർഥിച്ചു.









0 comments