കാറ്റാടിത്തണലിൽ... കടൽക്കാറ്റേറ്റ്...

ആലപ്പുഴ ബീച്ചിലെ കാറ്റാടി പാർക്ക്
ആലപ്പുഴ
ആലപ്പുഴയുടെ കായലും കനാലും ബീച്ചുമൊക്കെ കാണാൻ നഗരത്തിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകുന്നു. 2025ലെ ആദ്യ ആറുമാസത്തെ കണക്കനുസരിച്ച് ജില്ലയിൽ മുൻവർഷത്തെക്കാൾ വിദേശസഞ്ചാരികളിൽ 95.5 ശതമാനവും ആഭ്യന്തരസഞ്ചാരികളിൽ 27.08 ശതമാനം വർധനയുണ്ടായി. കുട്ടനാടിനും പാതിരമണൽ തുരുത്തിനുമൊപ്പം ഒഴിച്ചുകൂടാൻ പറ്റാത്ത കേന്ദ്രങ്ങളാണ് ആലപ്പുഴ ബീച്ചും നഗരത്തിലെ മ്യൂസിയങ്ങളും പാർക്കുകളുമൊക്കെ. ആഭ്യന്തരസഞ്ചാരികളാണ് കൂടുതൽ. നഗരത്തെ ടൂറിസം കേന്ദ്രമായി മാറ്റുന്നതിലും ആലപ്പുഴ നഗരസഭയുടെ പങ്കാളിത്തം വലുതാണ്. നഗരത്തെ വൃത്തിയായി നിലനിർത്തുന്നതിനൊപ്പം ശുചിത്വസന്ദേശം വിളിച്ചോതുന്ന ചിത്രങ്ങളും വാക്യങ്ങളും വിവിധ ഭാഗങ്ങളിലുൾപ്പെടുത്തി. കനാൽക്കരകളിൽ ഉദ്യാനങ്ങളും ശിൽപ്പങ്ങളും സ്ഥാപിച്ച് മനോഹരമാക്കി. ബീച്ചിനെ വർണാഭമാക്കാൻ ഫുഡ് കോർട്ടും ഓപ്പൺ ജിമ്മും ഓപ്പൺ സ്റ്റേജും കുട്ടികളുടെ കളിസ്ഥലവുമെല്ലാമായി നൈറ്റ് സ്ട്രീറ്റ് പാർക്ക് ആരംഭിച്ചു. "സീ ലോഞ്ച്' എന്ന പേരിൽ സ്വകാര്യസംരംഭകന്റെ സഹകരണത്തോടെയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ബീച്ച് പാർക്ക് ഒരുക്കിയത്. വൈദ്യുതിദീപാലങ്കരങ്ങളുടെ പ്രഭയിൽ കടൽക്കാറ്റേറ്റ് വിശ്രമിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും കളിക്കുന്നതിനും സെൽഫി എടുക്കുന്നതിനുമെല്ലാമായി കുടുംബസമേതം ആളുകൾ ഇവിടെയെത്തുന്നു. ഫുഡ് കോർട്ടുകളിൽ വൈവിധ്യമാർന്ന ഭക്ഷണങ്ങളും ലഭ്യമാണ്. കിഡ്‌സ് ഏരിയ, ഗെയിമിങ് ഏരിയ, ഓപ്പൺ ജിം, 360 ഡിഗ്രി സെൽഫി ക്യാമറ, ബുൾ റൈഡ്, വി ആർ പോലുള്ള വിനോദങ്ങൾ ഒരുക്കാനാണ് നഗരസഭയുടെ ലക്ഷ്യം. മനോഹരമായ മറ്റൊരു പാർക്ക് വലിയ ചുടുകാട് രക്‌തസാക്ഷി മണ്ഡപത്തിന് സമീപവും നഗരസഭ നിർമിച്ചു. ഇവിടെ നക്ഷത്രവനവും വിശാലമായ പുൽത്തകിടിയും ഹട്ടുകളും ഇരിപ്പിടങ്ങളും ഭിന്നശേഷി സൗഹൃദശുചി മുറികളുമുണ്ട്. നഗരവാസികൾക്കും സഞ്ചാരികൾക്കും തോണ്ടൻകുളങ്ങര വാർഡിലെ ചാത്തനാടും മറ്റൊരു പാർക്ക്തുറന്നു.









0 comments