"ഹൈ'റേഞ്ചിൽ സേന

ആലപ്പുഴ
തിരക്കിട്ട ജോലികളിലേക്ക് കടക്കുംമുമ്പ് മനസും ശരീരവും ശാന്തമായി തുടരാൻ സേനയുടെ വിനോദയാത്ര. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് രണ്ടുദിവസത്തെ ഹൈറേഞ്ച് യാത്രയിലൂടെ മനം പുതുപുത്തനാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ്, ശബരിമല മണ്ഡലകാലം, ഉത്സവ സീസൺ– വരാനിരിക്കുന്നത് ഇവയൊക്കെയാണ്. തിരക്കിട്ടതും വിശ്രമരഹിതവും സമ്മർദ്ദം നിറഞ്ഞതുമായ ഇൗ ഡ്യൂട്ടികളിലേക്ക് പോകുംമുന്പാണ് നോർത്തിലെ 60 പൊലീസുകാർ വാഗമൺ, അരുവിക്കുഴി യാത്ര നടത്തി "ഫ്രഷ്' ആയത്. ജോലി മുറുകുംമുമ്പ് യാത്ര പോകാൻ പൊലീസ് ഉദ്യോഗസ്ഥരുടെ ആഗ്രഹത്തിന് ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രനും ആലപ്പുഴ ഡിവൈഎസ്‌പി മധുബാബുവും പൂർണ പിന്തുണ നൽകി. ബുധൻ രാവിലെ ആറിന് സ്റ്റേഷനിൽനിന്ന് പുറപ്പെട്ട സംഘം രാവിലെ 10ന് വാഗമണിൽ എത്തി. 10 ജീപ്പുകളിലായി ട്രക്കിങ് ആരംഭിച്ചു. കാരിക്കോട് ടോപ് ഹിൽ പോയിന്റും കോട്ടമല വ്യൂ പോയിന്റും ഉളുപ്പൂണി കപ്പക്കാനം വെള്ളച്ചാട്ടവും കൈതപതാൽ സൂയിസൈഡ് പോയിന്റും സന്ദർശിച്ച് ട്രക്കിങ്ങിന്റെ മനോഹാരിത അറിഞ്ഞു. തുടർന്ന് വാഗമൺ മൊട്ടക്കുന്നും പൈൻവാലിയും കണ്ടാസ്വദിച്ച ശേഷം വാഗമണിൽ താമസിച്ചു. വ്യാഴാഴ്‌ച കുമരിക്കളം കെപിഎം ടൂറിസ്റ്റ് വില്ലേജിലെത്തി ഫാം ടൂറിസത്തിന്റെ ഉല്ലാസം. അവിടെനിന്ന് തിരിച്ച് കോട്ടയം പള്ളിക്കത്തോടിലൂടെ വന്ന് അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗിയിലേക്ക്. രാത്രി ഒന്പതോടെ സ്റ്റേഷനിൽ മടങ്ങിയെത്തി. യാത്രപോയ ദിവസങ്ങളിൽ സ്റ്റേഷൻ ജോലിക്ക് മുടക്കമില്ലെന്ന് ഉറപ്പുവരുത്താൻ സൗത്ത് പൊലീസിന്റെ സഹായമുണ്ടായി. ഇൻസ്‌പെക്ടർ എം കെ രാജേഷ്, കേരള പൊലീസ് ഓഫീസേ-ഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ എൻ ഹാഷിർ, ജോ. സെക്രട്ടറി ബെൻസിഗർ ഫെർണാണ്ടസ്‍, നോർത്ത് യൂണിറ്റ് പ്രസിഡന്റ് സൈമൺ ആന്റോ, സെക്രട്ടറി എസ് സുമേഷ്, കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആന്റണി രതീഷ്, ജില്ലാ കമ്മിറ്റി അംഗം എം മഹേഷ്, പ്രിൻസിപ്പൽ എസ്ഐ കെ ജെ ജേക്കബ്, എസ്ഐ എസ് ദേവിക, വിനു കൃഷ്ണൻ എന്നിവർ സംഘത്തെ നയിച്ചു.









0 comments