മന്ത്രി റിയാസ് നാളെ ഉദ്ഘാടനംചെയ്യും

നഗരവേഗത്തിന്‌ നാൽപ്പാലം 
സമർപ്പണം നാളെ

മന്ത്രി റിയാസ് ഉദ-്ഘാടനംചെയ്യുന്ന നാൽപ്പാലം
avatar
നെബിൻ കെ ആസാദ്‌

Published on Oct 14, 2025, 01:35 AM | 2 min read

ആലപ്പുഴ

ജില്ലയുടെ വികസനരംഗത്തെ നാഴികക്കല്ലായി മാറുന്ന പുനർനിർമിച്ച നാൽപ്പാലം(പഴയ മുപ്പാലം) മന്ത്രി പി എ മുഹമ്മദ് റിയാസ് ബുധൻ വൈകിട്ട് ആറിന്‌ ഉദ്ഘാടനംചെയ്യും. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനാകും. കെ സി വേണുഗോപാൽ എം പി മുഖ്യാഥിതിയാകും. എച്ച് സലാം എംഎൽഎ സ്വാഗതം പറയും. അഞ്ച് മുതൽ പ്രശസ്ത വയലിനിസ്റ്റ് ബിജു മല്ലാരി അവതരിപ്പിക്കുന്ന ഫ്യൂഷൻ സംഗീതവും അരങ്ങേറും. നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിനൊപ്പം വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താനും പുതിയ പാലത്തിലൂടെ സാധിക്കും. ​ പാലങ്ങളുടെ നഗരത്തിന്‌ പകിട്ടായി നാൽപ്പാലം പാലങ്ങളുടെ നഗരമായ ആലപ്പുഴയിൽ താരപരിവേഷമേറിയതും നഗരത്തിന്റെ ചരിത്രത്തോളം പഴക്കമുള്ളതുമാണ്‌ നാൽപ്പാലം (പഴയ മുപ്പാലം). നഗരത്തിലെ ആകർഷണങ്ങളിലൊന്ന്‌. സഞ്ചാരികൾക്ക്‌ കൗതുക ദൃശ്യം പകരുന്ന പാലം എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയുടെ മറ്റൊരു പ്രതീകംകൂടിയാണ്‌. ഒന്നാം പിണറായി സർക്കാരിലെ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന ജി സുധാകരനാണ്‌ പാലം പൊളിച്ച് നാല് പാലങ്ങളായി പുനർനിർമിക്കാൻ തീരുമാനിച്ചത്‌. 2019 നവംബർ 27ന് 17.44 കോടിരൂപയുടെ ഭരണാനുമതിയും നൽകി. നിർമാണം തുടങ്ങിയ ശേഷം വിവിധ കാരണങ്ങളാൽ മുടങ്ങിയിരുന്നു. രണ്ടാം പിണറായി സർക്കാരിലെ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ,എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച്‌ സലാം എന്നിവരുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗംചേർന്ന്‌ പ്രശ്‌നങ്ങൾ പരിഹരിച്ച്‌ നിർമാണം വേഗത്തിലാക്കി. കൊമേഴ്‌സ്യൽ കനാലിനും വാടക്കനാലിനും ചുറ്റും കരകളെ ബന്ധിപ്പിക്കുന്ന പഴയ മുപ്പാലം ഇന്ന് നാല് ദിക്കിലേക്കും തുറക്കുന്ന നാൽപ്പാലമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച മുപ്പാലം കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചതോടെയാണ് പുതുക്കിപ്പണിതത്. 23 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുമുള്ള മൂന്നുപാലങ്ങളും 26 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുമുള്ള നാലാംപാലവും ഉൾപ്പെടുന്നതാണ് പുതിയ നാൽപ്പാലം. 17.82 കോടി രൂപയാണ് നിർമാണച്ചെലവ്. നടപ്പാതയിൽ ടൈൽ പാകൽ, പെയിന്റിങ്, വൈദ്യുതീകരണം തുടങ്ങിയ അവസാനഘട്ടപണികളും പൂർത്തീകരിച്ചു. കൊമേഴ്‌സ്യൽ കനാലിനും വാടക്കനാലിനും കുറുകെ നിർമിച്ച പാലങ്ങൾ മുപ്പാലമെന്നാണ് അറിയപ്പെട്ടിരുന്നത്. പാലത്തിന്റെ കിഴക്ക് വശത്ത് തെക്ക് വടക്കായി എസ് പി ഓഫീസിന്റെ മുന്നിൽനിന്ന്‌ സീ വ്യൂ വാർഡിനെ ബന്ധിപ്പിക്കുന്ന പുതിയ പാലംകൂടി ചേർന്നപ്പോഴാണ് മുപ്പാലം നാൽപ്പാലമായത്. ​പാൻ ഇന്ത്യൻ പാലം കടൽ കടന്ന ആലപ്പുഴയുടെ പ്രശസ്തിക്ക്‌ നിദാനമായ മലഞ്ചരക്ക്, കയർ ഉൽപ്പന്നങ്ങൾ വാണിജ്യ കനാലും വാടക്കനാലും ഉപ്പൂട്ടി കനാലും വഴി തുറമുഖത്തേയ്ക്ക് എത്തിയിരുന്നത്‌ നാൽപ്പാലം നിർമിച്ച കേന്ദ്രത്തിലൂടെയായിരുന്നു. പ്രേംനസീർ, ജയൻ, മമ്മൂട്ടി, മോഹൻലാൽ മുതൽ ബോളിവുഡിലെ സൂപ്പർ താരം ഷാരൂഖ് ഖാൻ വരെ അഭിനയിച്ച നിരവധി സിനിമകൾ ചിത്രീകരിച്ച ലൊക്കേഷൻ കൂടിയായിരുന്നു മനോഹരമായ മുപ്പാലം. ഈ പാലത്തെയാണ് അഴകും സാങ്കേതികതയും കോർത്തിണക്കി കാലത്തിനനുസൃതമായി എൽഡിഎഫ്‌ സർക്കാർ അതിമനോഹര നാൽപ്പാലമാക്കി മാറ്റിയത്



deshabhimani section

Related News

View More
0 comments
Sort by

Home