ട്രോളിങ് നിരോധനം നാളെ അവസാനിക്കും

കണ്ടെയ്​നർ ഭീതിയിൽ മത്സ്യത്തൊഴിലാളികൾ

ട്രോളിങ് നിരോധം 31ന്​ അർധരാത്രി അവസാനിക്കാനിരിക്കെ കണ്ടെയ്​നർ ഭീതിയിൽ മത്സ്യത്തൊഴിലാളികൾ.
വെബ് ഡെസ്ക്

Published on Jul 30, 2025, 02:18 AM | 1 min read

അമ്പലപ്പുഴ

ട്രോളിങ് നിരോധം 31ന്​ അർധരാത്രി അവസാനിക്കാനിരിക്കെ കണ്ടെയ്​നർ ഭീതിയിൽ മത്സ്യത്തൊഴിലാളികൾ. ട്രോളിങ്​ നിരോധനകാലത്ത്​ മത്തിയും അയലയും ചെമ്മീനും നത്തോലിയുമുൾപ്പെടെയുള്ള മീനുകൾ സുലഭമായി ലഭിക്കുമെന്ന പ്രതീക്ഷയിൽ മീൻപിടിക്കാനിറങ്ങിയ പരമ്പരാഗത തൊഴിലാളികളുടെ ലക്ഷക്കണക്കിന്​ രൂപ വിലയുള്ള വലകളാണ്​ കണ്ടെയ്നറുകളുടെ അവശിഷ്​ടങ്ങളിൽ ഉടക്കി നശിച്ചത്​. അടുത്തിടെ അറബിക്കടലിലുണ്ടായ കപ്പലപകടങ്ങളിൽ കടലിൽ പതിച്ച കണ്ടെയ്നറുകളാണ്​ ഭീഷണിയുയർത്തുന്നത്​. കണ്ടെയ്നറുകൾ മാറ്റാമെന്ന കോസ്​റ്റ്​ ഗാർഡ് ഉൾപ്പെടെയുള്ളവരുടെ ഉറപ്പും ജലരേഖയായി. കൂടുതൽ പടിഞ്ഞാറുഭാഗത്തേക്ക്​ മാറി മീൻപിടിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 54 ദിവസത്തെ ട്രോളിങ് നിരോധനകാലം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചാകരക്കൊയ്​ത്തിന്റെ കാലംകൂടിയാണ്. എന്നാൽ അഞ്ച്​ ദിവസംമാത്രമാണ് നേരിയ തോതിലെങ്കിലും ചാകരക്കോളുണ്ടായത്. ചൂട, നത്തോലി, താട എന്നിവയല്ലാതെ മറ്റ്​ മത്സ്യങ്ങൾ വലിയ തോതിൽ കിട്ടാതിരുന്നതും തൊഴിലാളികൾക്ക് തിരിച്ചടിയായി. ട്രോളിങ് നിരോധനകാലം കഴിയുന്നതോടെ, അറ്റകുറ്റപ്പണി പൂർത്തിയാക്കിയ യന്ത്രവൽകൃത മീൻപിടിത്ത ബോട്ടുകൾ കടലിൽ പോകാൻ തയ്യാറെടുക്കുകയാണ്. ശക്തമായ കാലവർഷം ലഭിച്ചതിനാൽ കരിക്കാടി, കിളിമീൻ എന്നിവ കൂടുതലായി കിട്ടുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. എന്നാൽ കണ്ടെയ്നറുകൾ ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല.



deshabhimani section

Related News

View More
0 comments
Sort by

Home