79.8 ലക്ഷം രൂപ, അഞ്ചുഗ്രാം സ്വർണം എന്നിവ പിടികൂടി
കൊഴിഞ്ഞാമ്പാറയിൽ പണവും സ്വർണവുമായി കുടുംബം പിടിയിൽ

ചിറ്റൂർ
കൊഴിഞ്ഞാമ്പാറയിൽ ആഡംബര കാറിൽനിന്ന് 79. 8 ലക്ഷം രൂപ, അഞ്ചുഗ്രാം സ്വർണം എന്നിവയുമായി നാലുപേർ പിടിയിൽ. ആലപ്പുഴ ചേർത്തല പാണാവല്ലി സൂര്യാമൃതം വീട്ടിൽ ജെ കെ മനോജ് (47), മകൻ സൂര്യ മനോജ് കൃഷ്ണ (20), മകൾ പതിനാലുവയസ്സുകാരി, മനോജിന്റെ അനന്തരവൻ ആലപ്പുഴ ന്യൂ ബസാർ ലായത്ത് പറമ്പ് രേവതിയിൽ രാംകുമാർ (35) എന്നിവരാണ് പിടിയിലായത്. പൊലീസാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നരീതിയിലായിരുന്നു വസ്‌ത്രധാരണം. വ്യാഴം വൈകിട്ട് 6.30ന് തമിഴ്നാട്ടിൽനിന്ന് ആലപ്പുഴയിലേക്ക് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണവും സ്വർണവും കൊഴിഞ്ഞാമ്പാറ അത്തിക്കോടിൽവച്ചാണ് പിടിച്ചെടുത്തത്. ബാഗിൽ സൂക്ഷിച്ചനിലയിലായിരുന്നു. ഇവർ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു. സമാനരീതിയിൽ ഇയാൾ നിരവധിതവണ പണം കടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ചിറ്റൂർ ഡിവൈഎസ്‌പി വി എ കൃഷ്ണദാസ്, നാർകോട്ടിക് സെൽ ഡിവൈഎസ്‌പി അബ്ദുൾമുനീർ, കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എ ആർ അരുൺകുമാർ, മീനാക്ഷിപുരം എസ്ഐ കെ ഷിജു, എഎസ്ഐ വി മാർട്ടിനഗ്രേസി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി ഹരിദാസ്, എൻ ശരവണൻ, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവർ പരിശോധനയ്‌ക്ക് നേതൃത്വം നൽകി.









0 comments