വേണുഗോപാൽ വിഭാഗം പിടിമുറുക്കുന്നു
ഐ ഗ്രൂപ്പിനെ വെട്ടാൻ ഡിസിസി പ്രസിഡന്റിനെ മാറ്റുന്നു

ആലപ്പുഴ
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ പിടിമുറുക്കാൻ ജില്ലയിലെ കെ സി വേണുഗോപാൽ വിഭാഗം. കാലങ്ങളായി ഐ ഗ്രൂപ്പിനും രമേശ് ചെന്നിത്തലയുടെ വിശ്വസ്തർക്കും സ്വന്തമായിരുന്ന ഡിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടമായേക്കും. ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങൾ താളംതെറ്റുകയും നേതാക്കൾ ഉൾപ്പെടെ രാജിവച്ച് ബിജെപിയിലേക്ക് അടക്കം പോവുകയുംചെയ്ത സാഹചര്യം വേണുഗോപാൽ വിഭാഗം കെപിസിസിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ജില്ലാ അധ്യക്ഷൻ ബാബുപ്രസാദിനെ മാറ്റാൻ ആലോചിക്കുന്നത്. 10ന് മുമ്പായി പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചേക്കും. കെ സി ക്യാമ്പിൽനിന്ന് വിശ്വസ്തനെ പുതിയ പ്രസിഡന്റാക്കാനാണ് നീക്കം. വർഷങ്ങളായി രമേശ് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പിലെ വിശ്വസ്തർക്കായിരുന്നു ഡിസിസി പ്രസിഡന്റ് സ്ഥാനം. അഞ്ചുപേരുടെ ലിസ്റ്റാണ് പ്രാഥമികമായി തയാറാക്കിയത്. അതിൽനിന്ന് മൂന്നുപേരുടെ പട്ടിക അഞ്ചിന് വേണുഗോപാലിന് കെപിസിസി പ്രസിഡന്റ് കൈമാറും. അതിൽനിന്നൊരാളാകും ഡിസിസി പ്രസിഡന്റ്. ഐ ഗ്രൂപ്പിന് സ്വാധീനമുള്ള ജില്ലയിൽ ചെന്നിത്തലയുടെ വിശ്വസ്തരും പട്ടികയിലുണ്ടെങ്കിലും വെട്ടാനാണ് വേണുഗോപാൽ വിഭാഗത്തിന്റെ നീക്കം. മറ്റുചില ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരെ മാറ്റിയേക്കുമെന്നാണ് വിവരം. വിഭാഗീയത രൂക്ഷമായതിനാൽ കഴിഞ്ഞദിവസം ആലപ്പുഴ സൗത്ത് ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റിയ്ക്ക് ചുമതല നൽകി. വേണുഗോപാലിന്റെ സ്വന്തം കമ്മിറ്റിയാണിത്.









0 comments