മണൽക്കൊളളയ്‌ക്കെതിരെ സിപിഐ എം പ്രക്ഷോഭത്തിലേക്ക്

ഹരിപ്പാട്
പമ്പയാറിൽ ചെറുതന ഭാഗത്ത് അഞ്ചരവർഷമായി നടക്കുന്ന മണൽക്കൊള്ളയ്‌ക്കെതിരെ സിപിഐ എം ചെറുതന പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 2018ലെ പ്രളയശേഷം തോട്ടപ്പള്ളി സ്‌പിൽവേ ചാനലിൽ അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കാൻ 2020 ഫെബ്രുവരിയിൽ സർക്കാർ നാലുമാസത്തേക്ക് കരാർ നൽകിയിരുന്നു. തുടർന്ന് ചെറുതനപാണ്ടി പാലത്തിന് സമീപത്തുനിന്ന് മണലെടുക്കുകയുംചെയ്‌തു. വീയപുരം തുരുത്തേൽമുതൽ കുറിച്ചിക്കൽവരെയുള്ള ഭാഗത്തെ ചെളിയും മണലും നീക്കാനായിരുന്നു കരാറെങ്കിലും മണലൂറ്റ് മാത്രമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. വിപണിയിൽ ഉയർന്ന വില ലഭിക്കുന്ന സിലിക്ക മണലാണ് ഇവിടെയുള്ളത്. 2020 ജൂൺവരെയായിരുന്നു കരാറിന്റെ കാലാവധിയെങ്കിലും ഇത് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതുവരെ നടന്ന മണൽകടത്തിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണം. ചെറുതനയിൽ ഒരു പ്രദേശത്തെ മുഴുവനായി നശിപ്പിക്കുന്ന ഡ്രഡ്‌ജിങ് അവസാനിപ്പിക്കുക, കരാർ കാലാവധി നീട്ടികൊടുക്കാതിരിക്കുക, മണൽകടത്തുമൂലം തകർന്ന ആയാപറമ്പ് - കുറ്റിയിൽ മുക്ക് റോഡ് പുനർനിർമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം ചെറുതന പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണ്ടിയിലാണ് 18ന് രാവിലെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി ശ്രീകുമാർ ഉണ്ണിത്താൻ, ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ്, ഏരിയ കമ്മിറ്റി അംഗം ആർ രാജേഷ്, ലോക്കൽ സെക്രട്ടറി പി ജി ശശി എന്നിവർ പങ്കെടുത്തു.









0 comments