400 ഫ്ലാറ്റുകളുടെ താക്കോൽദാനം ഉടനെന്ന് മന്ത്രി സജി ചെറിയാൻ
മത്സ്യത്തൊഴിലാളികൾക്ക് 12,000 വീടും 6,300 ഫ്ലാറ്റും നൽകി

ആലപ്പുഴ
പിണറായി സർക്കാരിന്റെ കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് 12,000 വീടും പുനർഗേഹം പദ്ധതിവഴി 6,300 ഫ്ലാറ്റും നിർമിച്ചു നൽകിയതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം "മികവ് 2025' ജില്ലയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 400 ഫ്ലാറ്റുകളുടെ താക്കോൽദാനം അടുത്തുതന്നെ മുഖ്യമന്ത്രി നടത്തും. കടൽക്ഷോഭം ചെറുക്കാൻ ചെല്ലാനത്ത് 344 കോടി രൂപ മുടക്കി കടൽഭിത്തി നിർമിച്ചു. കടലോരമേഖലകളെ പരമാവധി കടൽഭിത്തികെട്ടി സംരക്ഷിക്കുകയാണ്. സർക്കാരിന്റെ എൻട്രൻസ് പരിശീലനത്തിലൂടെ ഈ വർഷം മാത്രം 26 വിദ്യാർഥികൾ മെഡിക്കൽ പ്രവേശനം നേടി. മത്സ്യത്തൊഴിലാളി മേഖലയിൽനിന്ന് 90 കുട്ടികളാണ് കഴിഞ്ഞ വർഷങ്ങളിൽ ഡോക്ടർമാരായത്. സർക്കാർ ചെലവിൽ മത്സ്യത്തൊഴിലാളി മേഖലയിൽനിന്ന് രണ്ടു കുട്ടികളെ യൂറോപ്പിൽ അയച്ച് പഠിപ്പിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. 90 ലക്ഷം രൂപയാണ് ഇവരുടെ പഠനത്തിനായി ചെലവഴിച്ചത്. സാമ്പത്തികഭദ്രതയ്ക്കൊപ്പം സാമൂഹികഉന്നമനവും ഉണ്ടാകണമെങ്കിൽ കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം നൽകണം. മത്സ്യത്തൊഴിലാളിക്ഷേമത്തിനും മത്സ്യമേഖലയുടെ വികസനത്തിനുമായി തിരിഞ്ഞുനോക്കാത്തവരാണ് കരിങ്കൊടിയും പൊക്കി വരുന്നത്. മത്സ്യത്തൊഴിലാളികളെ ഹൃദയത്തോട് ചേർത്താണ് സർക്കാർ പ്രവർത്തിക്കുന്നതെന്നവർക്കറിയാം. ലോകസമാധാന സന്ദേശം നൽകുന്നതിനായി, മൂന്നു ദിവസം സാംസ്‌കാരിക, സമാധാന കോൺഗ്രസ് സംഘടിപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാൽ കേരളത്തിലെ പ്രമുഖപത്രം വാർത്ത മനപ്പൂർവം വളച്ചൊടിച്ചു. സർക്കാർ വലിയ തെറ്റുചെയ്യാൻ പോകുന്നു എന്ന തോന്നലുണ്ടാക്കാൻ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.









0 comments