വിവരാവകാശം തടവുകാരനും; രേഖകൾ തടയാതെ കമീഷൻ

ആലപ്പുഴ
തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാരന് വിവരങ്ങൾ തൽക്ഷണം ലഭ്യമാക്കി സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ എ ഹക്കീം. അമ്പലപ്പുഴ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലെ ഹിയറിങ്ങിലാണ് കായംകുളം ഫയർ സ്റ്റേഷൻ അധികൃതരിൽനിന്ന് ഫയലിന്റെ കോപ്പികളും രേഖാപകർപ്പുകളും തൽക്ഷണം ലഭ്യമാക്കിയത്. 2023 നവംബർ ആറിനാണ് തടവുകാരൻ തിരുവനന്തപുരത്ത് കമീഷൻ ആസ്ഥാനത്തേക്ക് പരാതി നൽകിയത്. ഹിയറിങ് നോട്ടീസ് കക്ഷിക്ക് അയച്ചത് ജയിൽ അധികൃതർ കൈപ്പറ്റി. മൂന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ തടവുകാരനെ ആലപ്പുഴയിൽ എത്തിച്ച് കമീഷന് മുൻപാകെ ഹാജരാക്കുകയുമായിരുന്നു. വിവരാവകാശ അപേക്ഷകനായ ഹർജിക്കാരന് പറയാനുള്ള കാര്യങ്ങൾ വിശദമായി കേൾക്കാൻ കമീഷൻ സമയം അനുവദിച്ചു. എതിർകക്ഷിയായ കായംകുളം ഫയർസ്റ്റേഷനിലെ വിവരാധികാരി സമർപ്പിച്ച ഫയലുകളിൽനിന്ന് കമ്മീഷൻ തെളിവെടുക്കുകയും രേഖകൾ തൽക്ഷണം നൽകാൻ നിർദ്ദേശിക്കുകയുമായിരുന്നു. കായംകുളം നഗരത്തിലെ ഒരു കൊലപാതക കേസിൽ കോടതിയിൽ നൽകേണ്ട തെളിവുകൾക്കായാണ് വിവരാവകാശ അപേക്ഷ സമർപ്പിച്ചത്. കായംകുളം പൊലീസ് സ്റ്റേഷനിലെ ഒരുദിവസത്തെ സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട ഹർജി വിശദ പരിശോധനയ്ക്കായി മാറ്റി. ഹിയറിങ്ങിൽ ആകെ പരിഗണിച്ച 15 പരാതികളിൽ 14 എണ്ണവും തീർപ്പാക്കി. ഒരെണ്ണം ജൂലൈ അഞ്ചിലേക്ക് മാറ്റി.









0 comments