ദുരിതംവിതച്ച് കാറ്റും മഴയും
ചേർത്തലയിൽ 2500 വീട് വെള്ളത്തിൽ

എഴുപുന്ന ആറാംവാർഡിലെ കൊച്ചുകോണത്ത് നെബീസയുടെ വീടിനുമുകളിൽ പഞ്ഞിമരം വീണനിലയിൽ
ചേര്‍ത്തല
കനത്തമഴയും ഇടവിട്ട് ആഞ്ഞടിക്കുന്ന കാറ്റും ചേർത്തല താലൂക്കിൽ ദുരിതംവിതച്ചു. താഴ്ന്ന പ്രദേശങ്ങളിലും നീർത്തടങ്ങൾ നികത്തിയിടങ്ങളിലും 2500ൽപ്പരം വീടുകൾ വെള്ളത്തിലായി. പലയിടങ്ങളിലും മരങ്ങൾ റോഡിലും കെട്ടിടങ്ങളിലും പതിച്ച് നാശംവിതച്ചു. വൈദ്യുതിവിതരണം തടസപ്പെട്ടു. താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും നഗരത്തിലും മഴക്കെടുതിയുണ്ട്. വീടുകൾ വെള്ളക്കെട്ടിലായതാണ് ആയിരക്കണക്കിന് കുടുംബങ്ങളെ വലയ്ക്കുന്നത്. പാണാവള്ളി പഞ്ചായത്ത് 50–-ാം നമ്പര്‍ അങ്കണവാടിയിൽ മരംവീണ് മേൽക്കൂര തകർന്നു. ശനി ഉച്ചയോടെയാണ് മരംവീണത്. ആളപായം ഉണ്ടായില്ല. തൈക്കാട്ടുശ്ശേരി പോളേക്കടവ് ഭാഗത്ത് തണല്‍മരം സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് മറിഞ്ഞുവീണു. കെട്ടിടത്തിന് കേടുപാടുണ്ടായി. റോഡിനുകുറുകെ മരം കിടന്നതിനാല്‍ ഗതാഗത തടസം ഉണ്ടായി. അഗ്നിരക്ഷാസേനയും കെഎസ്ഇബി ജീവനക്കാരും ചേര്‍ന്ന് മരം വെട്ടിമാറ്റിയാണ് ഗതാഗതവും വൈദ്യുതിവിതരണവും പുനഃസ്ഥാപിച്ചത്. ചേര്‍ത്തല-–അരൂക്കുറ്റി റോഡിലും എംഎല്‍എ റോഡിലും ചിലയിടങ്ങളിൽ മരംവീണു. തൈക്കാട്ടുശേരി അടുവയില്‍നിന്ന് തെക്കോട്ട് വൈദ്യുതിവിതരണം നിലച്ചു. പാണാവള്ളി മുട്ടത്തുകടവിൽ വൈദ്യുതിലൈനില്‍ മരംവീണു. വൈദ്യുതിത്തൂണികള്‍ ചരിഞ്ഞത് ആശങ്ക സൃഷ്ടിക്കുന്നു. ചേർത്തല–തൈക്കൽ റോഡിൽ തൈക്കൽ പാലത്തിന് കിഴക്ക് മരംവീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.









0 comments