വിനോദസഞ്ചാരമേഖലയിൽ ഡിടിപിസിക്ക് പുതിയ പദ്ധതികൾ
ഗ്രാമങ്ങൾ കാണാം, അന്തിയുറങ്ങാം


സ്വന്തം ലേഖകൻ
Published on May 14, 2025, 12:17 AM | 1 min read
ആലപ്പുഴ
ജില്ലയുടെ വിനോദസഞ്ചാരമേഖലയിൽ പുതിയ പദ്ധതികളുമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ. വിദേശികൾ അടക്കമുള്ള സഞ്ചാരികളെ ജില്ലയിലെ ഗ്രാമീണജീവിതം പരിചയപ്പെടുത്തുന്നതും ആലപ്പുഴയിലുള്ളവരെ മലയോരമേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതുമാണ് പദ്ധതികൾ. സെപ്‌തംബറിൽ തുടങ്ങുന്ന അടുത്ത ടൂറിസം സീസണിൽ ഇത് ആരംഭിക്കാനാണ് ഉദ്യേശിക്കുന്നതെന്ന് ഡിടിപിസി അധികൃതർ പറഞ്ഞു. ഉത്തരവാദ ടൂറിസം മിഷനുമായി ചേർന്നാവും സഞ്ചാരികളെ ഗ്രാമീണജീവിതം പരിചയപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുക. തണ്ണീർമുക്കവും നീലംപേരൂരുമാണ് ഇതിനായി പരിഗണിക്കുന്നത്. തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ കഴിയാനും തദ്ദേശീയരുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും വിദേശികൾ അടക്കമുള്ള വിനോദസഞ്ചാരികൾക്ക് അവസരമുണ്ടാകും. സഞ്ചാരികളെ കൂടുതൽ സമയം ആലപ്പുഴയിൽ ചെലവഴിക്കാൻ പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ഉദ്യേശിക്കുന്നത്. കായൽടൂറിസം പുതുമയല്ലാത്ത ആലപ്പുഴക്കാർക്ക് പുതുമയായി മലയോരടൂറിസം പരിചയപ്പെടുത്തുന്നതാണ് മറ്റൊരു പദ്ധതി. വയനാട്, പാലക്കാട്, മൂന്നാർ, ഇടുക്കി തുടങ്ങി മലയോരമേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് തദ്ദേശീയരെ എത്തിക്കും. ഇതിനായി പാക്കേജ് അടക്കമുള്ള കാര്യങ്ങൾ പരിഗണനയിലാണ്. അവധിക്കാലത്ത് ജില്ലയിൽനിന്നുള്ളവർ മലയോരമേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതലായി എത്തുന്നത് കണക്കിലെടുത്താണ് പുതിയ പദ്ധതി. രണ്ട് പദ്ധതിയും ജില്ലയിലെ ടൂറിസം രംഗത്തിന് ഉത്തേജനമാകുമെന്ന പ്രതീക്ഷയിലാണ് ഡിടിപിസി.









0 comments