35 പേർക്കായി നൽകിയത് 26.85 ലക്ഷം
അതിജീവിതത്തിന് തണലായി ‘ആശ്വാസനിധി’

നെബിൻ കെ ആസാദ്
Published on Jun 23, 2025, 12:16 AM | 1 min read
ആലപ്പുഴ
ആക്രമിക്കപ്പെട്ട അതിജീവിതകൾക്ക് തണലായി "ആശ്വാസനിധി'. ലൈംഗികാതിക്രമങ്ങൾക്കും വിവിധതരത്തിലുള്ള ആക്രമണങ്ങളിലും ഇരകളായി അവഗണിക്കപ്പെടുന്ന സ്‌ത്രീകൾക്കായി ഒന്നാം പിണറായി സർക്കാർ 2018ൽ ആവിഷ്‌കരിച്ച പദ്ധതി അഞ്ച് വർഷത്തിനിടെ ജില്ലയിൽ 35 പേർക്ക് താങ്ങായി. അതിക്രമങ്ങൾ അതിജീവിച്ചവർക്ക് മാനസികമായും ശാരീരികമായും ഗുരുതര ആഘാതങ്ങളേൽക്കാറുണ്ട്. ഇവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയാണ് പദ്ധതിയിലൂടെ ജനകീയ സർക്കാർ.
2021 മുതൽ 2025 വരെ 35 പേർക്കായി 26,85,000 രൂപയാണ് നൽകിയത്. പോക്‌സോ കേസിലെ അതിജീവിതകളാണ് സഹായം ലഭിച്ചവരിൽ കൂടുതലും –- 19 പേർ. ഇവർക്കായി 20,10,000 രൂപ വിതരണംചെയ്‌തു. ഗാർഹിക പീഡനക്കേസുകളിൽ ഒമ്പത് പേർക്ക് 25,000 രൂപ വീതം 2,25,000 രൂപയും ലൈംഗികാതിക്രമ കേസുകളിലായി അഞ്ച് പേർക്ക് 50,000 വീതം 2,50,000 രൂപയും നൽകി. ജില്ലയിലെ രണ്ട് ആസിഡ് ആക്രമണ അതിജീവിതകൾക്ക് ഒരുലക്ഷം രൂപവീതം സാഹായം നൽകി.
പൂർണമായും സംസ്ഥാന സർക്കാർ ഫണ്ടിൽനിന്നാണ് സഹായവിതരണം. ലൈംഗികാതിക്രമം, ആസിഡ് ആക്രണം, ഗാർഹിക പീഡനം, ലിംഗവിവേചനം തുടങ്ങിയ അതിക്രമങ്ങൾക്ക് വിധേയരാകുന്നവരാണ് പദ്ധതി ഗുണഭോക്താക്കൾ. വനിതാ സംരക്ഷണ ഓഫീസറും ജില്ലാ ശിശുസംരക്ഷണ ഓഫീസറും തയ്യാറാക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെയും ശുപാർശയുടെയും അടിസ്ഥാനത്തിൽ അടിയന്തര ധനസഹായം ലഭിക്കും. വനിത ശിശുവികസന വകുപ്പ് ഡയറക്‌ടറാണ് തുക അനുവദിക്കുക.
കുറ്റകൃത്യങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യപ്പെടുകയോ സ്വമേധയാ വെളിപ്പെടുകയോ ചെയ്‌താല്‍ ആറ് മാസത്തിനകം ജില്ലാ ശിശു, വനിതാ സംരക്ഷണ ഓഫീസർക്ക് അപേക്ഷ നൽകണം. ഇവർ അന്വേഷിച്ച് ആവശ്യമായ രേഖകൾ സഹിതം സംസ്ഥാന നിർഭയസെല്ലിലേക്ക് അപേക്ഷ കൈമാറും.







0 comments